| Wednesday, 29th August 2018, 10:39 am

കേരളത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എല്ലാം ചെയ്യും; ദുരിത സമയത്ത് നല്‍കുന്ന സഹായ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ദുരിത സമയത്ത് നല്‍കുന്ന സഹായ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപാധികളില്ലാതെ പണം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രളയക്കെടുതി രാഷ്ട്രീയവത്ക്കരിക്കാനില്ല. കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം നല്‍കാത്തത് നിരാശപ്പെടുത്തുന്നു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പുതിയ പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.


കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന


കേരളത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ വനയാട് സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്.

പ്രളയത്തില്‍ അധികം നാശനഷ്ടം സംഭവിച്ച വയനാട്ടിലെ കോട്ടത്തറയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം അവിടെ എത്തിച്ചേരാന്‍ രാഹുലിന് സാധിച്ചില്ല.

രാവിലെ കൊച്ചിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇടുക്കിയിലേക്ക് പുറപ്പെട്ടു. ഇടുക്കിയിലെ ദുരിതബാധിത മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍, ചെറുതോണി ടൗണ്‍, ഇടുക്കി ഡാം എന്നിവിടങ്ങളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. 11 മണിക്ക് കളക്ട്രേറ്റില്‍ ചേരുന്ന അവലോകന യോഗത്തിലും രാഹുല്‍ സംബന്ധിക്കും.

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ഇന്നലെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും തകര്‍ന്ന വീടുകളും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more