ന്യൂദല്‍ഹി: പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഈ ചോദ്യം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിയും പറഞ്ഞു കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയില്‍ ജനാധിപത്യപരമായി തന്നെ തെരഞ്ഞെടുപ്പ് നടക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഈ ചോദ്യം മറ്റൊരു പാര്‍ട്ടിയെപ്പറ്റിയും ചോദിക്കുന്നില്ല. ബി.ജെ.പി, ബി.എസ്.പി സമാജ് വാദി പാര്‍ട്ടി എന്നിവയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടോയെന്ന് ആരും അന്വേഷിക്കുന്നില്ല’, രാഹുല്‍ പറഞ്ഞു.
യുവജനസംഘടനകളിലും തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചെന്നും അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു.
സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോടായിരുന്നു രാഹുലിന്റെ പ്രതികരണം.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പിന്റെ ഭാഗായി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണത്തിലാണ്.
പ്രചാരണത്തിന്റെ ഭാഗമായി വയനാട് എം.പി കൂടിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. നേരത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം വാടി കടപ്പുറത്ത് എത്തിയ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലിലേക്ക് എടുത്തുചാടിയതും വാര്‍ത്തയായിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി നേരത്ത തമിഴ്നാട്ടിലെ മുളഗുമൂട് സ്‌കൂളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം രാഹുല്‍ നടത്തിയ പുഷ് അപ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
പുഷ് അപ്പിനൊപ്പം ‘ഐക്കിഡോ’ എന്ന ആയോധനകലയും രാഹുല്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക