കോണ്‍ഗ്രസിന്റെ കാലത്തെ ട്രെയ്ന്‍ അപകടം ഞാന്‍ ഓര്‍ക്കുന്നു; ഞങ്ങളാരും ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിയിട്ടില്ല: രാഹുല്‍ ഗാന്ധി
national news
കോണ്‍ഗ്രസിന്റെ കാലത്തെ ട്രെയ്ന്‍ അപകടം ഞാന്‍ ഓര്‍ക്കുന്നു; ഞങ്ങളാരും ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിയിട്ടില്ല: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 6:05 pm

ന്യൂദല്‍ഹി: ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാവിയെക്കുറിച്ച് ഒന്നും സംസാരിക്കില്ലെന്നും അവരുടെ വീഴ്ചയില്‍ മുന്നേയുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ ജാവിട്‌സ് സെന്ററില്‍ ഇന്ത്യക്കാരായ പ്രവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഡിഷയിലെ ട്രെയ്ന്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൗനാചാരണവും യോഗത്തില്‍ നടത്തിയിരുന്നു.

‘കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ ഒരു ട്രെയ്ന്‍ അപകടം ഉണ്ടായതായി ഞാന്‍ ഓര്‍ക്കുന്നു. ട്രെയ്ന്‍ അപകടത്തിന് കാരണം ബ്രിട്ടീഷുകാരാണെന്ന് കോണ്‍ഗ്രസ് പറഞ്ഞില്ല. ഇത് എന്റെ ഉത്തരവാദിത്തമാണ് അത് കൊണ്ട് ഞാന്‍ രാജിവെക്കുന്നുവെന്നാണ് അന്ന് കോണ്‍ഗ്രസിന്റെ മന്ത്രി പറഞ്ഞത്.

ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. നമ്മള്‍ ഒഴിവുകഴിവുകള്‍ പറയുന്നു. യാഥാര്‍ത്ഥ്യം എന്താണെന്ന് അംഗീകരിക്കാന്‍ മടിക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഭാവിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ എന്ന കാര്‍ ഓടിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം റിയര്‍ വ്യൂ മിറര്‍ നോക്കുന്നു. എന്നാല്‍ ഈ കാര്‍ തകരുകയാണെന്നും മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹത്തിന് മനസിലാകുന്നില്ല. ഇത് തന്നെയാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും കുറിച്ച് പറയാനുള്ളത്.

നിങ്ങള്‍ മന്ത്രിമാരെ ശ്രദ്ധിക്കൂ. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കൂ. അവര്‍ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ കഴിഞ്ഞകാലത്തെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയില്‍ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന് കോണ്‍ഗ്രസും മറ്റൊന്ന് ബി.ജെ.പിയും ആര്‍.എസ്.എസും.

ഒരു വശത്ത് മഹാത്മാ ഗാന്ധിയും മറുവശത്ത് നാഥുറാം ഗോഡ്‌സേയും തമ്മിലുള്ള പോരാട്ടമെന്നിതിനെ വിശേഷിപ്പിക്കാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

content highlight: rahul gandhi about bjp and modi