| Wednesday, 31st May 2023, 12:07 pm

രാജ്യത്തെ പ്രശ്‌നങ്ങള്‍ ബി.ജെ.പിക്ക് കൈകാര്യം ചെയ്യാന്‍ പറ്റില്ല; അതുകൊണ്ട് ചെങ്കോല്‍ കൈകാര്യം ചെയ്യുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേഷ്യത്തിലും വെറുപ്പിലും അഹങ്കാരത്തിലും വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ബി.ജെ.പി യോഗത്തിലും മന്‍ കീ ബാത്തിലും ഇരിക്കാന്‍ പറ്റുള്ളൂവെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്നും അത് കൊണ്ടാണ് അവര്‍ ചെങ്കോല്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷ പ്രചരണം, വിദ്യാഭ്യാസ സംവിധാനങ്ങളുടെ തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ മോദിയും കേന്ദ്ര സര്‍ക്കാരും മുഖവിലക്ക് എടുക്കുന്നില്ല.

ഈ വിഷയങ്ങളൊന്നും ബി.ജെ.പിക്ക് കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് അവര്‍ ചെങ്കോല്‍ കൈകാര്യം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എല്ലാ മതങ്ങളില്‍പ്പെട്ടവരുടെയും മൂല്യങ്ങളില്‍ വിശ്വസിക്കുന്നു

വെന്നും അദ്ദേഹം എന്‍.ആര്‍.ഐകളോട് പറഞ്ഞു. പ്രാദേശിക ഭാഷകളെ ഭീഷണിപ്പെടുത്തുന്ന പ്രവണത താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അതാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യ. ഈ മൂല്യങ്ങള്‍ അംഗീകരിക്കാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ദേഷ്യത്തിലും വെറുപ്പിലും അഹങ്കാരത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ബി.ജെ.പി യോഗത്തിലും മന്‍ കീ ബാത്തിലും ഇരിക്കാന്‍ പറ്റും. ആരെങ്കിലും പ്രാദേശിക ഭാഷകളെ അക്രമിക്കുന്നത് ഇന്ത്യയെ അക്രമിക്കുന്നത് പോലെയാണ്.

ബി.ജെ.പി ജാതി സെന്‍സസ് പുറത്ത് വിടുന്നില്ല. ദളിതര്‍, ഗോത്ര വിഭാഗം, ന്യൂനപക്ഷം എന്നിവരോടുള്ള സമീപനം നന്നായിരിക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും അത് ചെയ്യും,’ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന തോന്നലുള്ളവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും വേണമെങ്കില്‍ ദൈവത്തെ ഇരുത്തി ഉപദേശിക്കാനും അദ്ദേഹം തയ്യാറാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നരേന്ദ്രമോദി അറിവുള്ളയാളായി നടിക്കുകയാണ്. ദൈവത്തോട് പോലും അദ്ദേഹം പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കും. ഇത് കേള്‍ക്കുമ്പോള്‍ ദൈവം പോലും, താന്‍ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ശാസ്ത്രജ്ഞര്‍, സൈനികര്‍, ചരിത്രകാരന്‍മാര്‍ തുടങ്ങി എല്ലാവരേയും ഉപദേശിക്കും.

എന്നാല്‍ അവര്‍ക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരന്‍ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

നിലവില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ ബി.ജെ.പിയുടെ നിയന്ത്രണത്തിലായി. അതുകൊണ്ടാണ് ‘ഭാരത് ജോഡോ യാത്ര’യിലൂടെ ജനങ്ങളുമായി, നടന്നുകൊണ്ട് സംവദിച്ചത്. ഇന്ത്യയില്‍ ആളുകളെ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു,’ അദ്ദേഹം പറഞ്ഞു.

‘വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറന്നെ’ന്ന ആശയത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

‘എല്ലാ ദിവസവം 25 കിലോമീറ്ററായിരുന്നു യാത്ര. പുലര്‍ച്ചെ ആറിന് ആരംഭിക്കുന്ന യാത്ര രാത്രി എട്ടോടെയാണ് അവസാനിച്ചിരുന്നത്. മൂന്നാഴ്ച യാത്ര പിന്നിട്ടതോടെ തനിക്ക് ക്ഷീണം അനുഭവപ്പെടാതായി. കൂടെ ഉള്ളവരോട് ക്ഷീണം അനുഭവപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.

ഇതില്‍ നിന്നും രാജ്യം ഞങ്ങളോടൊപ്പം നടക്കുകയാണെന്ന് ബോധ്യമായി. വിവിധ മതവിഭാഗങ്ങളില്‍ നിന്നായി കുട്ടികള്‍ മുതല്‍ പ്രായമായവർ വരെ സ്‌നേഹംപങ്കിട്ട് യാത്രയിലേക്കെത്തി. ഇവര്‍ സൃഷ്ടിച്ച സ്നേഹത്തിലാണ് വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറന്നെന്ന ആശയം ഉരുത്തിരിഞ്ഞത്,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഒരു ചോദ്യങ്ങളും നേരിടില്ലെന്നും അവര്‍ക്ക് ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

10 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ എത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളും രാഹുല്‍ സന്ദര്‍ശിക്കും.

CONTENT HIGHLIGHT: RAHUL GANDHI ABOUT BJP

Latest Stories

We use cookies to give you the best possible experience. Learn more