| Friday, 23rd October 2020, 5:25 pm

ബീഹാര്‍ കോണ്‍ഗ്രസിനൊപ്പമെന്ന ഉറപ്പില്‍ രാഹുല്‍; പ്രചരണ റാലിക്ക് പിന്നാലെ ഉയരുന്ന പ്രതീക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറിലെ പ്രചരണ റാലിക്ക് പിന്നാലെ പാര്‍ട്ടിയുടെ വിജയ പ്രതീക്ഷ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

താന്‍ എപ്പോഴൊക്കെ ബീഹാറില്‍ പോയിട്ടുണ്ടോ അന്നൊക്കെ തനിക്ക് ബീഹാറിലെ ജനങ്ങള്‍ സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇത്തവണ ഇതിന് പുറമെ ബീഹാറിലെ ജനങ്ങളില്‍ ഉറച്ചൊരു തീരുമാനം കാണാന്‍  കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാറ്റത്തിനുള്ള തീരുമാനമാണ് ബീഹാറിലെ ജനങ്ങളില്‍ കണ്ടതെന്നും ബീഹാറിലെ ദുര്‍ഭരണത്തിന് ഈ തീരുമാനം അവസാനം ഉണ്ടാക്കുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിച്ച മോദിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി നേരത്തെ രാഹുല്‍ രംഗത്തെത്തിയിരുന്നു.

രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബീഹാറിന്റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ഈ പ്രസ്താവനയ്ക്കായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ബീഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയിട്ടില്ലെന്നു പറയുന്ന മോദി സൈനികരെ അപമാനിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ചൈന നമ്മുടെ മണ്ണിലേക്ക് വന്നപ്പോള്‍ പ്രധാനമന്ത്രി അത് നിഷേധിച്ചത് എന്തുകൊണ്ടാണ്? ഇന്ന്, ജവാന്‍മാരുടെ ത്യാഗത്തിന് മുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ കള്ളം പറഞ്ഞതെന്നും രാഹുല്‍ ചോദിച്ചു.

ബീഹാറികളോട് കള്ളം പറയരുത് മോദി ജീ. നിങ്ങള്‍ ബീഹാറികള്‍ക്ക് ജോലി നല്‍കിയോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി 2 കോടി ജോലികള്‍ വാഗ്ദാനം ചെയ്തു, ആര്‍ക്കും ലഭിച്ചില്ല. സൈനികര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് മുന്നില്‍ തല കുനിക്കുകയും വീട്ടില്‍ തിരിച്ചെത്തിയാല്‍ അംബാനിക്കും അദാനിക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയുമാണ് മോദി, രാഹുല്‍ പറഞ്ഞു.

അതേസമയം, ബീഹാറില്‍ എന്‍.ഡി.എ പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെയും കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi about  Bihar Election

We use cookies to give you the best possible experience. Learn more