ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്; എന്നാല്‍ എന്നെ അയോഗ്യനാക്കിയപ്പോള്‍ എല്ലാവരും പിന്തുണച്ചു: രാഹുല്‍ ഗാന്ധി
national news
ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്; എന്നാല്‍ എന്നെ അയോഗ്യനാക്കിയപ്പോള്‍ എല്ലാവരും പിന്തുണച്ചു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 4:22 pm

 

വയനാട്: പാര്‍ട്ടി ഭേദമന്യേ വയനാട്ടിലെ ജനങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി എം.പി. ആശയപരമായി ഇടതുപക്ഷവുമായി വ്യത്യാസങ്ങളുണ്ടെങ്കിലും താന്‍ അയോഗ്യനാക്കപ്പെട്ടപ്പോള്‍ എല്ലാ വയനാട്ടുകാരും തനിക്ക് പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി ഭേദമന്യേ വയനാടിലെ ജനങ്ങളുമായി എനിക്ക് ബന്ധമുണ്ട്. ആശയപരമായി ഇടതുപക്ഷവുമായി വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഞാന്‍ അയോഗ്യനാക്കപ്പെട്ടപ്പോള്‍ എല്ലാ വയനാട്ടുകാരും എനിക്ക് പിന്തുണ നല്‍കി. വയനാട്ടിലെ എല്ലാ ജനങ്ങളും എന്റെ കുടുംബത്തിന്റെ ഭാഗമാണ്,’ അദ്ദേഹം പറഞ്ഞു.

ആദിവാസികള്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളാണെന്നും അവരുടെ കുട്ടികളും എല്ലാ മേഖലയിലേക്കും കടന്ന് വരണമെന്നും രാഹുല്‍ പറഞ്ഞു.

‘ആദിവാസി എന്ന വാക്കിന്റെ അര്‍ത്ഥം ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെന്നാണ്. ആദിവാസിയെന്നാല്‍ നാം ജീവിക്കുന്ന ഭൂമിയെ കുറിച്ച് പ്രത്യേക ധാരണ ഉള്ളവരാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ഇവര്‍ക്ക് അവരുടെ ഭൂമിയുടെ അവകാശം നല്‍കേണ്ടതുണ്ട്. ഇവരുടെ കുട്ടികളും മറ്റുള്ളവരെ പോലെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വ്യവസായികളും അഭിഭാഷകരുമൊക്കെ ആകേണ്ടതുണ്ട്. വനത്തിന്റെയും ഭൂമിയുടെയും വനവിഭവത്തിന്റെയുമൊക്കെ അവകാശങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കണം. എല്ലാ അവസരങ്ങളും നിങ്ങള്‍ക്കും ലഭിക്കണം, ഇതാണെന്റെ ആവശ്യം,’ അദ്ദേഹം പറഞ്ഞു.

ആദിവാസികളെ വനവാസിയെന്ന് വിളിക്കുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഈ പ്രയോഗത്തിലൂടെ അവരുടെ ഭൂമിയുടെ അവകാശം നിഷേധിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

‘ആദിവാസികളെ ഒരു വിഭാഗം വനവാസിയെന്ന് വിളിക്കുന്നു. ഇവരെ വനവാസിയെന്ന് വിളിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. വനവാസിയെന്ന് പ്രയോഗത്തിലൂടെ നിങ്ങളുടെ ഭൂമിയുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ പ്രയോഗത്തിലൂടെ ആദിവാസികളെ വനത്തില്‍ മാത്രം ഒരുക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. വനവാസിയെന്നാല്‍ വനത്തില്‍ താമസിക്കേണ്ടവര്‍ ആണെന്നാണ് ഇതിന് പിന്നിലെ അജണ്ട. ഇത് അംഗീകരിക്കാനാവില്ല. ഇത് സംസ്‌കാരത്തെയും ചരിത്രത്തെയും അട്ടിമറിക്കുന്നതിന് തുല്യമാണ്. രാജ്യവുമായി നിങ്ങള്‍ക്കുള്ള ബന്ധത്തിന് വിള്ളലുണ്ടാകുന്നതാണിത്,’ അദ്ദേഹം പറഞ്ഞു.

Content Highlights: Rahul gandhi about adivasi’s rights