താന്‍ പരാജയപ്പെട്ടയാളാണെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചു; വിമര്‍ശനവുമായി സ്മൃതി ഇറാനി
India
താന്‍ പരാജയപ്പെട്ടയാളാണെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചു; വിമര്‍ശനവുമായി സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2017, 2:11 pm

 

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പൂര്‍ണമായി പരാജയപ്പെട്ട രാഷ്ട്രീയക്കരാനാണെന്ന് കേന്ദ്ര വാര്‍ത്തവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ രാഹുല്‍ നടത്തിയ സംവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

പരാജയപ്പെട്ട തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് പറയാനാണ് വിദേശത്തെ പ്രശ്‌സതമായ സര്‍വകലാശാലയെ അദ്ദേഹം ഉപയോഗിച്ചത്. തന്റെ പരാജയം മറയ്ക്കാനായി കുടുംബ പാരമ്പര്യം വിളമ്പാനാണ് രാഹുല്‍ ശ്രമിച്ചത്. പാരമ്പര്യത്തില്‍ അഭിരമിച്ചിരുന്ന കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും അവര്‍ പറഞ്ഞു.


Also Read തെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് രാഹുല്‍ഗാന്ധി; മോദി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന മെഷീനെന്നും വിമര്‍ശനം


ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്‌നം കുടുംബവാഴ്ചയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും. കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞിരുന്നു. താന്‍ മാത്രമല്ല കുടുംബ പാരമ്പര്യത്തിന്റെ കരുത്തില്‍ വന്നതെന്നും അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, തുടങ്ങിയവരും ഇതേ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാലിഫോര്‍ണിയയിലെ സംവാദത്തിനിടെ എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധിയുയര്‍ത്തിയിരുന്നു. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ ബി.ജെ.പിയാണെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തിയിരുന്നു.