കൊച്ചി: ശബരിമലയില്‍ കലാപത്തിന് പദ്ധതിയിട്ടതിന് പൊലീസ് അറസ്റ്റ് ചെയ്ത ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം ഉപാധികളോടെ അനുവദിച്ചു.
അന്വേഷണ ഉദ്യോസ്ഥരമായി സഹകരിക്കണം, ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണം എന്നീ ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. കലാപാഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചി പൊലീസാണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ നന്ദാവനത്തില്‍ നിന്നുള്ള ഫ്ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ ഞായാറാഴ്ച അറസ്റ്റു ചെയ്തത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.
ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.യെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. പ്രഥമദൃഷ്ട്യാ രാഹുല്‍ ഈശ്വറിനെതിരെ തെളിവുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റു ചെയ്തത്.
അതേസമയം ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം ഇന്ന് പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും തന്ത്രി കുടുംബം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറഞ്ഞത്.
DoolNews Video