രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി
Kerala News
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 12:33 pm

പത്തനംതിട്ട: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് ജാമ്യം റദ്ദാക്കിയത്. അന്വേഷണ ഉദ്യോസ്ഥരമായി സഹകരിക്കണം, ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണം എന്നീ ഉപാധികളോടെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നത്.

ഇതില്‍ പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥ രാഹുല്‍ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കേസാണ് രാഹുലിനെതിരെയുള്ളത്.

ALSO READ: വിശാല ഐക്യത്തിന് വീണ്ടും കളമൊരുങ്ങുന്നു; കമല്‍നാഥിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിണറായിയും അഖിലേഷ് യാദവും

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.

അതേസമയം പൊലീസ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പരസ്യമായി അക്രമത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റും ഇതിനെതിരെ പ്രക്ഷോഭം അഴിച്ചുവിടാന്‍ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നു.

തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാനെന്ന പേരില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട സംഭവങ്ങളുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറുള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.

WATCH THIS VIDEO: