Kerala News
രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 17, 05:25 am
Monday, 17th December 2018, 10:55 am

 

കൊച്ചി: രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍. പാലക്കാട് പൊലീസാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഹിന്ദുമഹാസഭയുടെ പരിപാടിക്കെത്തിയ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ റാന്നി ഗ്രാമ ന്യായാലയ കോടതി ഉത്തരവിട്ടിരുന്നു.

കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് റാന്നി മജിസ്ട്രേട് കോടതി രാഹുല്‍ ഈശ്വറിന് നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.

Also read:കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മായാവതിയും മമതാ ബാനര്‍ജിയും അഖിലേഷും പങ്കെടുക്കില്ല

രാഹുല്‍ ഈശ്വര്‍ എല്ലാ ശനിയാഴ്ചയും പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ ഒരു നിര്‍ദ്ദേശം. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയായി രാഹുല്‍ ഈശ്വര്‍ ഇത് പാലിക്കുന്നില്ലെന്നാണ് ജാമ്യം റദ്ദു ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. പമ്പ പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രാഹുല്‍ ഹാജരാകുന്നില്ലെന്നും ഇതില്‍ വീഴ്ച വരുത്തിയെന്നും കോടതി പറയുന്നു

ശബരിമലയിലെ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് പൊലീസ്, രാഹുല്‍ ഈശ്വരനെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഈശ്വറിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.