രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം
Sabarimala women entry
രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 6:09 pm

പത്തനംതിട്ട: ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും തന്ത്രി കുടുംബം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.

ശബരിമലയില്‍ കലാപത്തിന് പദ്ധതിയിട്ടതിന് രാഹുലിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബത്തിന്റെ പ്രസ്താവന പുറത്തിറക്കിയത്.

വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്നും പത്രകുറിപ്പില്‍ പറയുന്നു.

Also Read ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന നിലപാട്, കേരളത്തിലെത്തിയാല്‍ അതിനെതിരെ സമരം; അമിത് ഷായ്‌ക്കെതിരെ വി.എസ്

സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും തന്ത്രി കുടുംബം വ്യക്തമാക്കി.

മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. “തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. സര്‍ക്കാരുമായോ ദേവസ്വംബോര്‍ഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ലെന്നും താഴ്മണ്‍ കുടുംബം പറഞ്ഞു.

അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും തന്ത്രികുടുംബം പത്രക്കുറിപ്പില്‍ പറഞ്ഞു.

DoolNews Video