| Wednesday, 24th October 2018, 8:13 pm

ശബരിമലയില്‍ രക്തം ചിന്താന്‍ ആളെനിര്‍ത്തിയെന്ന പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍; എന്തിനും തയ്യാറായ ആളുകളെ തടഞ്ഞത് താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍. യുവതികളെ തടയാന്‍ ആളുകള്‍ ഏതറ്റം വരെയും പോകുമായിരുന്നെന്നും അവരെ പിന്തിരിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നുമായിരുന്നു രാഹുലിന്റെ പുതിയ വിശദീകരണം.

ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നാണ് താന്‍ അവരോട് പറഞ്ഞത്. പിണറായി വിജയന്റെ പൊലീസ് പരാജയപ്പെട്ടത് അയ്യപ്പനോട് ആണെന്നും അതിനെ ഒരു ഈഗോ ഇഷ്യു ആയി ഇതിനെ കാണരുതെന്നും രാഹുല്‍ പറഞ്ഞു.

Also Read സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നതിന്റെ ഏറ്റവും വലിയ സാക്ഷി കുമ്മനം രാജശേഖരന്‍; മുഖ്യമന്ത്രി

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാഹുലിന്റെ പുതിയ നിലപാട്. ശക്തനായ മുഖ്യമന്ത്രിപരാജയം മറച്ച് വക്കാനാണ്  പ്രകോപനപരമായി ഇപ്പോള്‍ സംസാരിക്കുന്നതെന്നും സവര്‍ണ അവര്‍ണ പോരുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നവംബര്‍ അഞ്ചിന് ശബരിമല തുറക്കുമ്പോള്‍ തങ്ങള്‍ അവിടെയുണ്ടാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്നായിരുന്നു തന്ത്രി കുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more