| Sunday, 28th October 2018, 10:47 am

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍; നടപടി ശബരിമലയില്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ നന്ദാവനത്തില്‍ നിന്നുള്ള ഫ്‌ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം ചെയ്തതെന്ന് ആരോപിച്ച് കൊച്ചി പൊലീസ് കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.

Also Read:തൊട്ടടുത്തിരുന്ന് അമിത് ഷാ നടത്തിയ പ്രസ്താവന തള്ളി വെള്ളാപ്പള്ളി: ശബരിമല സമരത്തില്‍ എസ്.എന്‍.ഡി.പിയില്ലെന്ന് വെള്ളാപ്പള്ളി

ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.യെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. പ്രഥമദൃഷ്ട്യാ രാഹുല്‍ ഈശ്വറിനെതിരെ തെളിവുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുവരും.

Must Read:കോണ്‍ഗ്രസിന് ഞങ്ങളോടൊപ്പം നില്‍ക്കാം; അണികളുടെ ആഗ്രഹം അതാണ്: ചെന്നിത്തലയോട് കെ. സുരേന്ദ്രന്‍

ഈ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളിയടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. രാഹുല്‍ ഈശ്വരും സംഘവും നടത്തിയ രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് നില്‍ക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ പരാമര്‍ശം തിരുത്തി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരുന്നു. യുവതികളെ തടയാന്‍ ആളുകള്‍ ഏതറ്റം വരെയും പോകുമായിരുന്നെന്നും അവരെ പിന്തിരിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് രാഹുല്‍ പിന്നീട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more