തിരുവനന്തപുരം: കുത്തിയോട്ടത്തിനെതിരെയുള്ള സംസ്ഥാന ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ നിരീക്ഷണത്തോട് യോജിക്കുന്നില്ലെന്ന് വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം ആചരിക്കാന്‍ അവകാശമുണ്ടെന്നും ഒരു പരിഷ്‌കരണത്തിന് ഇറങ്ങുകയാണെങ്കില്‍ ഒരുമിച്ച് എല്ലാ മതത്തിലെയും അനാചാരങ്ങള്‍ക്കെതിരെ ഇറങ്ങണമെന്നും രാഹുല്‍ പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചു നടക്കുന്ന കുത്തിയോട്ടം വഴി കുട്ടികള്‍ക്കേല്‍ക്കുന്നത് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനമാണെന്ന ശ്രീലേഖയുടെ ബ്ലോഗിനെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
“ഹിന്ദു സമൂഹം എല്ലാ പരിഷ്‌ക്കാരങ്ങള്‍ക്കും അനുകൂലമാണ്. പക്ഷേ എല്ലാ ആചാരങ്ങളും അനാചാരങ്ങളാണെന്ന് പറയുന്നതിനോട് കടുത്ത എതിര്‍പ്പുണ്ട്. കാരണം ശ്രീലേഖ പറഞ്ഞതില്‍ ക്രിമിനല്‍ നടപടികളും ഐ.പി.സി സെക്ഷനുമെല്ലാം വരുന്നുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസി എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം എന്റെ വിശ്വാസം ആചരിക്കാനുള്ള അവകാശം തരുന്നുണ്ട്. ഭരണഘടന തരുന്ന അടിസ്ഥാന അവകാശങ്ങളിലേക്കുള്ള അനാവശ്യ കടന്ന് കയറ്റമാണ് ഇത്”” രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേ സമയം ഒരു പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങുകയാണെങ്കില്‍ ഒരുമിച്ച് എല്ലാ മതത്തിലെയും അനാചാരങ്ങളെയും എതിര്‍ക്കാമെന്നും അല്ലെങ്കില്‍ നാളെ കുട്ടികളുടെ കാത് കുത്തുന്നത് വലിയ ഒരു അപരാധമായി കാണുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഡി.ജി.പി ശ്രീലേഖ മാഡത്തിനോടുള്ള സകല ബഹുമാനവും മുന്‍ നിര്‍ത്തി അവര്‍ മുന്നോട്ട് വച്ച നീരിക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നെന്നും ഈക്കാര്യത്തില്‍ പൂര്‍ണമായി ക്ഷേത്ര ട്രസ്റ്റിനോടൊപ്പമാണെന്നും രാഹുല്‍ ഈശ്വര്‍ ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.
കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിനെതിരെയും രാഹുല്‍ പ്രതികരിച്ചു. “”എന്റെ മകന്റെ അവകാശം ആദ്യം തീരുമാനിക്കുന്നത് ഞാന്‍ ആണ് അത് ആരുടെ മകനാണെങ്കിലും അങ്ങിനെ തന്നെയാണ്. എന്റെ കുട്ടിയുടെ സംരക്ഷണയും അവകാശവും അധികാരവും ആദ്യം കുടുംബത്തിനാണ് സ്റ്റേറ്റിനല്ല. ആദ്യ അവകാശം കുടുംബത്തിനാണ് രണ്ടാമത് മാത്രമേ സ്റ്റേറ്റിനുള്ളു. കാരണം സ്റ്റേറ്റിന് കുട്ടികളെ ഉണ്ടാക്കാന്‍ കഴിയില്ല സംരക്ഷിക്കാന്‍ മാത്രമേ കഴിയു. അത് കൊണ്ട് കുടുംബത്തിന് മേലുള്ള അധികാരത്തിലും അവകാശത്തിലും കടന്ന കയറുന്നത് ശരിയല്ല രാഹുല്‍ ഈശ്വര്‍ പറഞ്ഞു.