ചന്ദ്രയാന്‍-3ന്റെ ശിവശക്തി പോയിന്റ്; വിമര്‍ശിക്കുന്നവര്‍ ഹിന്ദുഫോബിയയുള്ളവര്‍: രാഹുല്‍ ഈശ്വര്‍
Kerala News
ചന്ദ്രയാന്‍-3ന്റെ ശിവശക്തി പോയിന്റ്; വിമര്‍ശിക്കുന്നവര്‍ ഹിന്ദുഫോബിയയുള്ളവര്‍: രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th August 2023, 9:22 pm

തിരുവനന്തപുരം: ചന്ദ്രയാന്‍-3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടത് വിമര്‍ശിക്കുന്നതിന് പിന്നില്‍ ഹിന്ദുഫോബിയയാണെന്ന് വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. നാസ വരെ ഗ്രീക്ക് സംസ്‌കാരിക പ്രതീകങ്ങളുടെ പേരാണ് അവരുടെ വലിയ പ്രൊജക്ടുകള്‍ക്ക് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലെഫ്റ്റ് ലിബറല്‍സിന്റെ ഇടക്കാണ് ഹിന്ദുഫോബിയയുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ഗ്രീക്ക് ദൈവങ്ങളുടെ പേരിട്ടാല്‍ സെക്കുലറും ഹിന്ദു ദൈവങ്ങളുടെ പേരിട്ടാല്‍ അത് കമ്മ്യൂണലുമാകുന്നത് ശരിയല്ലെന്നു രാഹുല്‍ പറഞ്ഞു.

‘ലോക ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്ര വളര്‍ച്ച മൂണ്‍ ലാന്‍ഡിങ്ങാണെന്ന് പറയാറുണ്ട്. ആ മൂണ്‍ ലാന്‍ഡിങ്ങിന്റെ മിഷന്റെ പേര് അപ്പോളോ എന്നാണ്. അപ്പോളോ ഒരു ഗ്രീക്ക് ദേവനാണ്. ഇപ്പോള്‍ അമേരിക്കയുടെ നാസ ഒരു സ്ത്രീയേയും വെളുത്തവരല്ലാത്ത ഒരു വ്യക്തിയെയും ചന്ദ്രനില്‍ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ പ്രൊജക്ടിന്റെ പേര് ആര്‍ത്തമിസ് എന്നാണ്. അപ്പോളോയുടെ ട്വിന്‍ ആണ് ആര്‍ത്തമിസ്.

നമ്മുടെ നാട്ടില്‍, നമ്മുടെ ദേവതയുടെയോ ഏതെങ്കിലും സാംസ്‌കാരിക ധാരയെയൊക്കെ പരിഗണിച്ച് ശിവശക്തി എന്ന് പോരിട്ടാല്‍ അത് മോശമാകുമോ?
ഗ്രീക്ക് ദൈവങ്ങളുടെ പേരിട്ടാല്‍ സെക്കുലറും ഹുന്ദു ദൈവങ്ങളുടെ പേരിട്ടാല്‍ അത് കമ്മ്യൂണലുമാകുന്നത് ശരിയല്ല.

അതുകൊണ്ട് ഒരു ഹിന്ദുഫോബിയ ഉള്ളവരാണ് ഇത് വിമര്‍ശിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇസ്‌ലാമോഫോബിയ ഉണ്ട്. അതുപോലെ ഈ ലെഫ്റ്റ് ലിബറല്‍സിന്റെ ഇടക്ക് ഒരു ഹന്ദുഫോബിയ ഉണ്ടോ എന്ന് സംശയിക്കുനവരെ കുറ്റം പറയാന്‍ കഴിയല്ല.

ചന്ദ്രയാന്‍-2 പരാജയപ്പെട്ടപ്പോഴും പ്രധനമന്ത്രി ശാസത്രജ്ഞര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ചില ആളുകള്‍ക്ക് മോദിയെ ഇഷ്ടമല്ലെന്ന് കരുതി മോദി ശാസത്രജ്ഞരെ പിന്തുണക്കില്ലെന്ന് പറയാനാകില്ല,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ചന്ദ്രയാന്‍-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശാസത്ര നേട്ടങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് വിമര്‍ശനം.

അതേസമയം, ചന്ദ്രയാന്‍ 3 ദൗത്യം ഇറങ്ങിയ സ്ഥലത്തിനും ചന്ദ്രയാന്‍ 2 ദൗത്യം ഇടിച്ചിറങ്ങിയ സ്ഥലത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാമകരണം നടത്തിയത്
വിവാദമാക്കേണ്ടെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ഇന്ന് പറഞ്ഞിരുന്നത്.