| Friday, 18th November 2022, 9:56 pm

മുസ്‌ലിങ്ങളും കമ്മ്യൂണിസ്റ്റുകളും ശത്രുക്കളാണെന്ന് പറഞ്ഞ ഗോള്‍വാള്‍ക്കര്‍ പിന്നീട് നന്നായി; ഹിന്ദു- മുസ്‌ലിം ഐക്യമാണ് വേണ്ടതെന്ന് പറഞ്ഞു: രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ ആര്‍.എസ്.എസുകാരനല്ലെങ്കിലും ആര്‍.എസ്.എസിനെ ഇഷ്ടപ്പെടുന്നയാളാണെന്ന് വലത് നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. സവര്‍ക്കറിന്റെ വലിയൊരു ആരാധകനാണ് താനെന്നും 4000 ദിവസം രാജ്യത്തിന് വേണ്ടി ജയിലില്‍ കിടന്നയാളാണ് അദ്ദേഹമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രക്കിടെ സവര്‍ക്കറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്ന മീഡിയ വണ്‍ ചാനലിലെ ഫസ്റ്റ് ഡിബേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ഹിന്ദുത്വ ആചാര്യന്‍ ഗോള്‍വാള്‍ക്കറെയും രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ ന്യായീകരിച്ചു.

‘സിനിമയില്‍ മാത്രമാണ് എല്ലാ ഷെയ്ഡും മോശമായ വില്ലനും, എല്ലാം തികഞ്ഞ നായകനുമുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയും അങ്ങനെ കാണാനാകില്ല. വൈറ്റും ബ്ലാക്കും ഒന്നും യഥാര്‍ത്ഥത്തില്‍ ഇല്ല. ഗ്രേ ആണുള്ളത്. അത് ഏറിയും കുറഞ്ഞുമിരിക്കും.

ഞാന്‍ ആര്‍.എസ്.എസുകാരനല്ല. എന്നാലും ആര്‍.എസ്.എസിനെ ഇഷ്ടപ്പെടുന്നയാളാണ്. മഹാത്മ ഗാന്ധിയുടെ മരണത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല.

സവര്‍ക്കറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍, 4000 ദിവസം നമുക്ക് വേണ്ടി ജയിലില്‍ കിടന്നയാളാണ് അദ്ദേഹം.

ഗോള്‍വാള്‍ക്കര്‍ മുസ്‌ലിങ്ങളും കമ്മ്യൂണിസ്റ്റുകളും നമ്മുടെ ശത്രുക്കളാണെന്ന് ഒരിക്കല്‍ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ഒരാളെ നന്നാവാന്‍ വിടില്ലേ. തന്റെ നിലപാടുകളില്‍ നിന്ന് മാറിയ ആളാണ് ഗോള്‍വാള്‍ക്കര്‍. അദ്ദേഹം പിന്നീട് മഹാത്മാ ഗാന്ധിയെ അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് ഹുന്ദു- മുസ്‌ലിം സാഹോദര്യമാണെന്ന് പറഞ്ഞത് ഗോള്‍വാള്‍ക്കറാണ്.
യുണിഫോം സിവില്‍ കോഡ് മുസ്‌ലിം വിരുദ്ധമാണെന്ന് ആദ്യം പറയുന്നതും ഗുരുജി ഗോള്‍വാള്‍ക്കറാണ്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വിഴവെച്ചിട്ടുള്ളത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നും ഭയം നിമിത്തം ദയാഹര്‍ജികള്‍ എഴുതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

താന്‍ ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ യാചിക്കുന്നുവെന്ന വി.ഡി സവര്‍ക്കറുടെ കത്തും രാഹുല്‍ കാണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ കത്ത് പ്രദര്‍ശിപ്പിച്ചിരുന്നത്.

CONTENT HIGHLIGHTS: Rahul Eshwar said Golwalkar Good person and Hindu Muslim unity is needed

We use cookies to give you the best possible experience. Learn more