തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കുമ്മനം രാജശേഖരനെ വെച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനായതു ബി. ജെ. പി. യ്ക്കു താല്‍ക്കാലിക ആശ്വാസമായെന്ന് രാഹുല്‍ ഈശ്വര്‍.
സംഘപരിവാറിനും ബി. ജെ. പിയ്ക്കും സ്വീകാര്യനായ നേതാവാണ് കുമ്മനം എന്നും വിവാദങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടു ബി. ജെ. പി നേതൃത്വത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.
‘കുമ്മനം രാജശേഖരനെ ഇറക്കി പ്രതിരോധിച്ചത് ബി. ജെ. പി. യ്ക്കു താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്. ബി. ജെ. പി., സംഘപരിവാര്‍ സംഘടനകളില്‍ ക്രെഡിബിലിറ്റി ഉള്ളയാളാണു കുമ്മനം. വ്യക്തിപരമായി അദ്ദേഹം അഴിമതിക്കാരനാണെന്ന് ആരും പറയില്ല. കാശിന്റെ കാര്യത്തിലൊക്കെ അള്‍ട്രാ നീറ്റായ അദ്ദേഹത്തെ പോലൊരു വ്യക്തിയെ പ്രതിരോധത്തിനു മുന്നില്‍ വെയ്ക്കാന്‍ കഴിഞ്ഞതു പാര്‍ട്ടിക്കുള്ളില്‍ നല്‍കുക ഒരു യൂണിഫൈയിംഗ് മെസേജായിരിക്കും,’ രാഹുല്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനതെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള ബി. ജെ. പി നേതാക്കള്‍ രംഗത്തെത്തിയത്. മാധ്യമങ്ങളും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പി. യെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. പ്രതികള്‍ക്കു സി. പി. ഐ. എം -സി. പി. ഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചിരുന്നു.
കെ. സുരേന്ദ്രനെ പിന്തുണച്ച ബി. ജെ. പി. നേതാക്കള്‍ അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
നിയമാനുസൃതമായി എല്ലാ അനുവാദവും വാങ്ങിയിരുന്നതാണെന്നും പെട്ടെന്നാണു പൊലീസ് യോഗം തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായതെന്നും കുമ്മനം പറഞ്ഞിരുന്നു.
ധര്‍മരാജന്‍ കേസില്‍ പരാതിക്കാരനാണെന്നും പരാതിക്കാരന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ബി.ജെ.പി നേതാക്കളെ മുഴുവന്‍ കുഴല്‍പ്പണ കേസുമായി ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlghts; Rahul Eshwar About Kummanam Rajasekharan Defence In Kodakara Hawala