തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കുമ്മനം രാജശേഖരനെ വെച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനായതു ബി. ജെ. പി. യ്ക്കു താല്‍ക്കാലിക ആശ്വാസമായെന്ന് രാഹുല്‍ ഈശ്വര്‍.
സംഘപരിവാറിനും ബി. ജെ. പിയ്ക്കും സ്വീകാര്യനായ നേതാവാണ് കുമ്മനം എന്നും വിവാദങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടു ബി. ജെ. പി നേതൃത്വത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.
‘കുമ്മനം രാജശേഖരനെ ഇറക്കി പ്രതിരോധിച്ചത് ബി. ജെ. പി. യ്ക്കു താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്. ബി. ജെ. പി., സംഘപരിവാര്‍ സംഘടനകളില്‍ ക്രെഡിബിലിറ്റി ഉള്ളയാളാണു കുമ്മനം. വ്യക്തിപരമായി അദ്ദേഹം അഴിമതിക്കാരനാണെന്ന് ആരും പറയില്ല. കാശിന്റെ കാര്യത്തിലൊക്കെ അള്‍ട്രാ നീറ്റായ അദ്ദേഹത്തെ പോലൊരു വ്യക്തിയെ പ്രതിരോധത്തിനു മുന്നില്‍ വെയ്ക്കാന്‍ കഴിഞ്ഞതു പാര്‍ട്ടിക്കുള്ളില്‍ നല്‍കുക ഒരു യൂണിഫൈയിംഗ് മെസേജായിരിക്കും,’ രാഹുല്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനതെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള ബി. ജെ. പി നേതാക്കള്‍ രംഗത്തെത്തിയത്. മാധ്യമങ്ങളും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പി. യെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. പ്രതികള്‍ക്കു സി. പി. ഐ. എം -സി. പി. ഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചിരുന്നു.