| Tuesday, 11th February 2020, 11:24 am

'പൗരത്വ നിയമത്തിനെതിരായ നിലപാട് അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തത്',പിന്‍മാറില്ലെന്ന് രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാരം പ്രഖ്യാപിച്ചതിന്റെ പേരില്‍ അയ്യപ്പ ധര്‍മ്മസേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. എന്തു വന്നാലും പൗരത്വ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനെതിരായ 24മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടന വേളയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

പാകിസ്താനി ഹിന്ദുവിനേക്കാളും പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലീമിനാണെന്ന് പറഞ്ഞ രാഹുല്‍ അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നിലപാടില്‍ നിന്നും അയ്യപ്പ ധര്‍മ്മ സേനയില്‍ നിന്നും പുറത്താക്കിയാലും പിന്‍മാറില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ചയാണ് അയ്യപ്പ ധര്‍മ്മ സേന രാഹുല്‍ ഈശ്വറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.
അയ്യപ്പ ധര്‍മ്മസേന ട്രസ്റ്റ് ബോര്‍ഡിന്റേതായിരുന്നു തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നടപടി.

അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വര്‍ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന രാഹുല്‍ ഈശ്വര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണ്. മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മസേനയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

We use cookies to give you the best possible experience. Learn more