Kerala News
'നമ്മുടെ കൂടെ വന്നവർ അങ്ങോട്ടേക്ക് പോകണ്ട': നെടുമ്പാശേരിയിൽ രാഹുൽ ഈശ്വറിനോട് മുഖം തിരിച്ച് പ്രതിഷേധകർ - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 16, 01:48 pm
Friday, 16th November 2018, 7:18 pm

കൊച്ചി: ശബരിമലയിൽ ദർശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധം നടത്തുന്നവർ അയ്യപ്പ ധർമ്മ സേന നേതാവ് രാഹുൽ ഈശ്വർ പരിസരത്തെത്തിയപ്പോൾ ഗൗനിച്ചില്ല. വൻ പ്രതിഷേധത്തോടെയാണ് നെടുമ്പാശേരിയിലെ രാഹുലിന്റെ ആഗമനത്തെ ശബരിമല സ്ത്രീപ്രവേശനവിരുദ്ധ പ്രതിഷേധക്കാർ എതിരേറ്റത്. കൂട്ടത്തോടെ രാഹുലിനെതിരെ നീങ്ങാൻ തുടങ്ങിയ ഇവരെ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് രാഹുൽ നെടുമ്പാശേരിയിൽ എത്തിയത്. പ്രതിഷേധകരെ അഭിവാദ്യം ചെയ്താണ് ശബരിമല പ്രതിഷേധത്തിന്റെ ദേശീയ മുഖമായി മാധ്യമങ്ങൾ കരുതുന്ന രാഹുൽ ഈശ്വർ വിമാനത്താവളത്തിലേക്ക് കടന്നുവന്നത്. എന്നാൽ രാഹുലിനെ തീരെ മൈൻഡ് ചെയ്യാത്ത പ്രതികരണമാണ് പ്രതിഷേധക്കാരിൽ നിന്നും ഉണ്ടായത്. രാഹുലിനെ ആക്രമിക്കാനെന്നോണം അങ്ങോട്ടേക്ക് നടന്നടുത്ത പ്രതിഷേധകരെയാണ് നേതാക്കൾ തടഞ്ഞത്. ആദ്യം പ്രതിഷേധകർക്കരികിലേക്ക് നീങ്ങാൻ തുനിഞ്ഞ രാഹുൽ ഇതുകണ്ട് പെട്ടെന്നുതന്നെ മാധ്യമപ്രവർത്തകർക്കിടയിലേക്ക് പിൻവാങ്ങുകയായിരുന്നു.

Also Read രാത്രിയോടെ മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി

ശബരിമല പ്രതിഷേധത്തിന്റെ ചുക്കാൻ ദേശീയ മാധ്യമങ്ങൾ രാഹുൽ ഈശ്വറിന്റെ കൈകളിൽ ഏൽപ്പിക്കുന്നതിൽ ഇപ്പോൾ സംഘ്പരിവാറിൽ വ്യക്തമായ എതിർപ്പ് പ്രകടമാണ്. കുറച്ച് നാളുകളായി രാഹുൽ ബി.ജെ.പിയോടും ആർ.എസ്.എസ്സിനോടും എതിർപ്പിലാണ്. സംഘ്പരിവാറുമായി ഇടഞ്ഞു നിൽക്കുന്ന പ്രവീൺ തൊഗാന്ധിയയുടെ അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തും രാഹുലിന്റെ അയ്യപ്പ ധർമ്മ സേനയും ചേർന്നാണ് ശബരിമലയിൽ പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നലകിയത്. സംഘ്പരിവാർ സേന പിന്നീടാണ് സമരം ഏറ്റെടുക്കുന്നത്.

Also Read ശബരിമല;ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കുമെന്ന് എ.പത്മകുമാര്‍