മോദി രണ്ടാമത്തെ മഹാത്മാഗാന്ധി; ആശംസകളുമായി രാഹുല്‍ ഈശ്വര്‍
national news
മോദി രണ്ടാമത്തെ മഹാത്മാഗാന്ധി; ആശംസകളുമായി രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 3:46 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധിയാന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ട്വിറ്ററില്‍ പങ്കുവെച്ച മോദിക്കുള്ള ജന്മദിന സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും രാഹുല്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

‘ഇന്ത്യയുടെ രണ്ടാമത് മഹാത്മാവായ അങ്ങേക്ക് ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും അനുഗ്രഹിക്കട്ടെ,’ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചത്. മഹാത്മാ ഗാന്ധിയുടേയും മോദിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്.

പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുടെ പരിപാടികള്‍. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബി.ജെ.പി തീരുമാനം.

പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നമീബിയയില്‍ നിന്നാണ് എട്ടോളം ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യുന്നത്.

ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് ഇവയെ തുറന്നുവിടും.

മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബി.ജെ.പി തീരുമാനം.

മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ ഹോട്ടല്‍ വ്യാപാരി 56 ഇഞ്ച് വലുപ്പവും 56 കറികളുമുള്ള താലിയാണ് ഉണ്ടാക്കുന്നത്. ഇത് 40 മിനിറ്റിനുള്ളില്‍ കഴിക്കുന്ന ദമ്പതികള്‍ക്ക് 8.5 ലക്ഷം രൂപയും ഹോട്ടലുടമ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റി നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി അഹമ്മാദാബാദിലെ എം.ഇ.ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു.

മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കി ആഘോഷിക്കാനാണ് ചെന്നൈയിലെ ഒരു ആശുപത്രിയുടെ തീരുമാനം.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 45വര്‍ഷത്തിനിടയില്‍ രാജ്യം ഇത്രയും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത് ആദ്യമായാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Rahul Easwar wishes Prime minister narendra modi happy birthday, says he is the second Gandhi of India