പത്തനംതിട്ട: അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യത്തെ ബാധിക്കുമെന്നതിനാല്‍ ശബരിമല ദര്‍ശനം നടത്തി ഇന്ന് തിരിച്ചു പോകുന്നതായി ശബരിമല കര്‍മ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് വീണ്ടും ശബരിമലയിലെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പൊലീസ് നല്ല രീതിയില്‍ സഹകരിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സമാധാനപരമായി പോകണമെന്നും അക്രമമുണ്ടായാല്‍ ജനുവരി 22ന് കോടതി റിവ്യൂ ഹരജി പരിഗണിക്കുമ്പോള്‍ വിപരീത ഫലമുണ്ടാക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദേവസ്വംബോര്‍ഡ് സമര്‍പ്പിക്കുന്ന സാവകാശ ഹരജി സുപ്രീംകോടതി തള്ളിയാല്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പൊലീസ് നിര്‍ദേശം തള്ളി നടയടക്കാന്‍ നേരത്ത് ശബരിമലയിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് ദര്‍ശനം നടത്തി ശബരിമലയില്‍ തങ്ങാതെ പിന്നീട് തിരിച്ചുവരാമെന്നുള്ള രാഹുല്‍ ഈശ്വറിന്റെ തീരുമാനം.