തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അയ്യപ്പ ധര്‍മ്മസേന ട്രസ്റ്റ് ബോര്‍ഡിന്റേതാണ് തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.
അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വര്‍ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ മുസ്‌ലീം സമുദായത്തിന് പിന്തുണയര്‍പ്പിച്ച് അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണ്. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മസേനയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.