| Friday, 9th April 2021, 3:56 pm

ഗോഡ്‌സെമാര്‍ക്ക് മഹാത്മാ ഗാന്ധിയെ പോലും ഇഷ്ടപ്പെട്ടില്ല, പിന്നെയാണോ നിങ്ങളെ; നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറല്‍ ഡാന്‍സേഴ്‌സായ നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. ഗോഡ്‌സെമാര്‍ക്ക് മഹാത്മാ ഗാന്ധിയെപ്പോലും ഇഷ്ടപ്പെട്ടില്ല പിന്നെയാണോ നിങ്ങളെ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

ജാനകി ഓംകുമാറും നവീന്‍ റസാക്കും മികച്ച നൃത്തത്തിലൂടെ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ആകെ ശ്രദ്ധ നേടിയെന്നും 30 സെക്കന്റിലെ അവരുടെ ഡാന്‍സ് പെര്‍ഫോമന്‍സ് അത്യുജ്വലവും ഗംഭീരവും ആണെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിലെഴുതി.

”SUPERB DANCE -! – Dancing Doctors –

ജാനകി ഓംകാറും നവീന്‍ റസാക്കും മികച്ച നൃത്തത്തിലൂടെ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ആകെ ശ്രദ്ധനേടി. ഒരു 30 സെക്കന്റ് അവരുടെ ഡാന്‍സ് പെര്‍ഫോമന്‍സ് അത്യുജ്വലവും ഗംഭീരവും ആണ്. ഗോഡ്‌സെ മാര്‍ക്ക് മഹാത്മാഗാന്ധിയെ പോലും ഇഷ്ടപ്പെട്ടില്ല.. പിന്നെയാണോ നിങ്ങളെ. rock on buddies..”

നേരത്തെ ജാനകിയ്ക്കും നവീനുമെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്ന അഭിഭാഷകനായിരുന്നു സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വന്ന കമന്റ്.

ഇത്തരം കമന്റുകള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുകയും ജാനകിയേയും നവീനേയും പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ജാനകിയേയും നവീനേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുവമോര്‍ച്ചാ നേതാവും ബി.ജെ.പി വക്താവുമായ സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു.

കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണെന്നും ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങളെന്നുമായിരുന്നു സന്ദീപ് പറഞ്ഞത്.

”തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ. പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു.

അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ .. ”എന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്.

അതേസമയം ജാനകിക്കും നവീനുമെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അഭിഭാഷകനായ കൃഷ്ണരാജ് രംഗത്തെത്തിയിരുന്നു.

”ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു.

എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികള്‍ക്ക് പൊങ്കാലക്കുള്ള ഒഫിഷ്യല്‍ ക്ഷണം. കമെന്റ് ബോക്സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ.

ഒരു മതത്തിന്റെ കാര്യവും പരാമര്‍ശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകള്‍ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോള്‍ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു.

എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു. ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാന്‍ ചാരിതാര്‍ത്ഥ്യനായി,” എന്നായിരുന്നു ഇയാള്‍ എഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Easwar support Naveen and janaki

We use cookies to give you the best possible experience. Learn more