| Sunday, 26th June 2022, 9:44 pm

പറയാന്‍ ഏറെ അഭിമാനം, വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്: രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനവന്തപുരം: വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്പാണെന്ന് രാഹുല്‍ ഈശ്വര്‍. ഫേക്ക് മീ ടൂവിനെതിരെ പാശ്ചാത്യ ലോകത്ത് പോരാടിയ ജോണി ഡെപ്പിനെ പോലെയാണ് വിജയ് ബാബു ഇവിടെ പുരുഷന്‍മാര്‍ക്ക് വേണ്ടി പോരാടുന്നത് എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുല്‍ ഈശ്വര്‍ ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് പറയാന്‍ ഏറെ അഭിമാനമുണ്ട്. കേരളത്തിന്റെ ജോണി ഡെപ്പായി മാറിയിരിക്കുകയാണ് വിജയ് ബാബു. അതായത് ഫേക്ക് മീ ടൂ, ഫാള്‍സ് മീ ടൂവിനെതിരെ പോരാടി പാശ്ചാത്യ ലോകത്ത് വിജയിച്ച ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടില്‍ നിന്നും പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണ്.

കാരണം ഈ നാട്ടിലെ ഓരോ സ്ത്രീകളും ഓര്‍ക്കണം നിങ്ങളുടെ മകന്‍, അച്ഛന്‍, സഹോദരന്‍, സുഹൃത്ത് എന്നിവരെല്ലാം ജയിലില്‍ നിന്ന് ഒരു വ്യാജ പരാതി അകലെയാണ് എന്ന്,’ രാഹുല്‍ ഈശ്വര്‍ പറയുന്നു.

സിദ്ദിഖ് ഇന്നെടുത്തത് ആര്‍ജവമുള്ള നിലപാടാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാധ്യമങ്ങളുടെയും ലെഫ്റ്റ് ലിബറല്‍ ഫെമിനിസ്റ്റുകളുടെയും സമ്മര്‍ദ്ദം കൊണ്ട് ദിലീപിനെതിരെ സ്വീകരിച്ച നടപടി തെറ്റായി എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.

‘യഥാര്‍ത്ഥത്തില്‍ ജോണി ഡെപ്പായി മാറി കേരളത്തിലെയും നമ്മുടെ നാട്ടിലെയും വ്യാജ മീ ടുവിന് ഒരു തടയിടാന്‍ ശ്രീ വിജയ് ബാബുവിന് കഴിഞ്ഞു. അതിന് അദ്ദേഹം അഭിനന്ദിനമര്‍ഹിക്കുന്നു,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

എ.എം.എം.എ പോലെ ഒരു സംഘടന മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കിയ സേവനങ്ങള്‍ കാണാതെ കണ്ണടച്ചിരുട്ടാക്കരുത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവും എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം നടന്നത്.

വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന് മുമ്പ് എടുത്ത് ചാടി നടപടിയെടുക്കില്ലെന്നും സംഘടനാ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട അംഗത്തെ കൃത്യമായ കാരണമില്ലാതെ പുറത്താക്കാനാവില്ല.

വിജയ് ബാബു വെറും കുറ്റാരോപിതന്‍ മാത്രമാണ്. മുന്‍കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ചോദിച്ചാല്‍ എന്ത് പറയാനാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ തീരുമാനമറിയാതെ തീരുമാനമെടുക്കാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.

Content Highlight: Rahul Easwar says Vijay Babu is the Johnny Depp of Kerala

We use cookies to give you the best possible experience. Learn more