തിരുവനന്തപുരം: സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര നിലപാടിനെ അംഗീകരിക്കുന്നുവെന്ന രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.
സ്വവര്‍ഗവിദ്വേഷം പാടില്ലെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നുണ്ടെന്നും വിവാഹം ഇന്ത്യന്‍ സംസ്‌കാര പ്രകാരം പവിത്രമായ സ്ഥാപനമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
‘ഒരു തരത്തിലുമുള്ള സ്വവര്‍ഗ്ഗവിദ്വേഷത്തോടും ആരും യോജിക്കുന്നില്ല. വ്യത്യസ്ത മതങ്ങള്‍ക്ക് സ്വവര്‍ഗരതിയെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കാം.
അതേ സമയം വിവാഹം പല നൂറ്റാണ്ടുകളായി ഒരു വിശുദ്ധ സ്ഥാപനമാണ്. ഇതില്‍ വളരെ സാവധാനത്തിലും ജാഗ്രതയോടെയും നിലപാടെടുത്ത കേന്ദ്ര സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു.
നമുക്ക് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് എല്ലാവരും സമ്മതിക്കുന്നു. ഒരുമിച്ച് ജീവിക്കുമ്പോള്‍ പോലും ഒരേ സമയത്ത് ഒരു തരത്തിലുള്ള ഫോബിയയും ഉണ്ടാകരുത്. ” ഈശ്വര്‍ പറഞ്ഞു.
പല മതങ്ങള്‍ക്കും വിഷയത്തില്‍ പല കാഴ്ചപ്പാടാണുള്ളതെന്നും ഹിന്ദു മതം കുറച്ചുകൂടി ലിബറല്‍ ആയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.,
ഇന്ത്യന്‍ സംസ്‌കാരത്തിനും ജീവിത രീതിക്കും സ്വവര്‍ഗ വിവാഹം എതിരാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
‘ഒരേ ലിംഗത്തിലുള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ കുറ്റകരമല്ലെങ്കിലും, അതിനെ വിവാഹത്തിന്റെ പരിതിയിലേക്ക് കൊണ്ടുവരിക സാധ്യമല്ല. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ഇന്ത്യന്‍ കുടുംബ യൂണിറ്റ് സങ്കല്‍പ്പവുമായി താരതമ്യപ്പെടുത്താനാവുന്ന ഒന്നല്ല,’ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഇത് വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ വരില്ലെന്നും കേന്ദ്രം നിലപാടെടുത്തു.
Content Highlight: Rahul Easwar says center’s decision on same sex marriage is right