താനൊക്കെ ഒരു ഹിന്ദുസ്‌പേസില്‍ നില്‍ക്കുന്നവരാണ്. പക്ഷേ തീവ്രഹിന്ദുത്വ വാദികളല്ല. അവര്‍ ബാബറി മസ്ജിദിന് പുറത്തേക്ക് ഓടിയപ്പോള്‍ നമ്മള്‍ ഇവിടെ വാവര് പള്ളിയില്‍ നിന്ന് തൊഴുകയായിരുന്നു.
കോഴിക്കോട്: വാവര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം മുസ്‌ലീമായിരുന്നു എന്നതിനും തെളിവുകളുണ്ടെന്ന് ശബരിമല തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍.
കോടതി രേഖകളും പട്ടയം അടക്കമുള്ള കാര്യങ്ങളും ചരിത്രപുസ്തകങ്ങളും വാവര്‍ എന്നുപറയുന്ന ചരിത്രവ്യക്തിയുടെ അസ്ഥിത്വത്തിന് തെളിവായിട്ടുണ്ട്. അത് ആര് നിഷേധിച്ചാലും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ ജിമ്മി ജോര്‍ജ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുമായി നടത്തിയ അഭിമുഖത്തില്‍ വാവരെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അയ്യപ്പനെ കുറിച്ചോ വാവരെക്കുറിച്ചോ പുരാണങ്ങളില്‍ പരാമര്‍ശങ്ങളില്ലായെന്നും വാവര്‍ ഉണ്ടെങ്കില്‍ തന്നെ അദ്ദേഹം മുസ്‌ലീം അല്ല എന്നുമായിരുന്നു ശശികലയുടെ വാദം. ശശികലയുടെ പേര് പരാമര്‍ശിക്കാതെയാണ് രാഹുല്‍ ഈശ്വര്‍ ഈ വിഷയത്തിലെ തന്റെ നിലപാടുകള്‍ ഡൂള്‍ന്യൂസിനോട് വിശദീകരിച്ചത്.
വിദ്വാന്‍ കുറുമള്ളൂര്‍ നാരായണപ്പിള്ളയുടെ ശ്രീ ഭൂതനാഥസര്‍വസ്വം, രാമവര്‍മരാജ എഴുതിയ ശബരിമല അയ്യപ്പ ചരിത്രം, ഡോ. എച്ച്.കെ നായരുടെ ചരിത്രാഖ്യായ്കയായ അയ്യപ്പന്‍ എന്നീ ചരിത്ര പുസ്തകങ്ങളില്‍ വാവരെകുറിച്ച് കൃത്യമായി പറയുന്നതായി രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.
വാവര്‍ എന്ന പേര് ബാബര്‍ എന്ന പേരിന്റെ മലയാളമാണ്. ശബരിമലയുടെ ചരിത്രത്തില്‍ മണികണ്ഠനായി പിറന്ന അയ്യപ്പന്റെ അടുത്ത സുഹൃത്താണ് വാവര്‍. പാത്തുമ്മയാണ് വാവരുടെ മാതാവ്, അച്ഛന്‍ സെയ്താലിയും. ഇതെന്തായാലും നായരോ ഈഴവനോ നമ്പൂതിരിയോ അല്ലല്ലോ. അങ്ങനെ ആരും പേരിടില്ലല്ലോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
വാവര്പള്ളി
ഈ വസ്തുതകള്‍ അയ്യപ്പനുമായി ബന്ധപ്പെട്ട രാജവംശമായ പൂഞ്ഞാര്‍ രാജകുടുംബത്തിലെ രാമവര്‍മരാജയുടെ ശബരിമല ചരിത്രം എന്ന പുസ്തകത്തിലുണ്ട്. 1948 ല്‍ എഴുതിയ ഈ പുസ്തകം ഇടതോ വലതോ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പാണെന്നും രാഹുല്‍ വിശദീകരിക്കുന്നു.
തന്റെ മുത്തച്ഛന്റെ മുത്തച്ഛനായ കണ്ഠരര് ശങ്കരരെ കോടതി വിസ്തരിക്കുമ്പോള്‍ അദ്ദേഹം അതിന് പറയുന്ന മറുപടി കോടതി രേഖകളുണ്ട്.
വാവര്‍ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും മുസ്‌ലീമാണെന്നതില്‍ ഒരു സംശയമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റൊരു കാര്യം പന്തളം രാജാവ് 1700 കളില്‍ വാവരിന്റെ കുടുംബത്തിന് കൊടുത്ത പട്ടയം തെളിവായിട്ടുണ്ട്. അപ്പോള്‍ വാവര്‍ ഇല്ലെന്ന് പറയുന്നതില്‍ എന്താണ് കാര്യം -രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
അയ്യപ്പന്‍ പുരാണങ്ങളില്‍ ഇല്ലെന്ന വാദത്തോടും രാഹുല്‍ ഈശ്വര്‍ ഇങ്ങനെ വിയോജിക്കുന്നു. ബ്രാഹ്മണിക് ലൈന്‍ ഹിന്ദുപുരാണങ്ങള്‍ പിന്തുടരുന്നവരല്ല തങ്ങള്‍. എല്ലാകാര്യങ്ങളേയും ബ്രാഹ്മണിക്കല്‍ ആയ ഒരു ഹിന്ദുലൈനിലേക്ക് കൂട്ടിക്കെട്ടാന്‍ നോക്കുകയാണ് ചിലര്‍. ആ ഹിന്ദുലൈനിനോട് ബന്ധമില്ലാത്തവ നിഷേധിക്കാന്‍ ഹിന്ദുതീവ്രസ്വരക്കാര്‍ നോക്കുന്നു. എന്നാല്‍ അതില്‍ യാതൊരു അര്‍ത്ഥവുമില്ല.
വെളിയില്‍ നിന്ന് കാണുന്നത് പോലെ ഹിന്ദു എന്നത് ഒരു ഏകശിലാരൂപമേയല്ല. നൂറ് കണക്കിന് വൈവിധ്യങ്ങള്‍ ഉണ്ട്. ഞാനൊരു ബ്രാഹ്മണനാണ്. പക്ഷേ ബ്രാഹ്മണിസ്റ്റ് അല്ല. -അദ്ദേഹം വ്യക്തമാക്കുന്നു.
താനൊക്കെ ഒരു ഹിന്ദുസ്‌പേസില്‍ നില്‍ക്കുന്നവരാണ്. പക്ഷേ തീവ്രഹിന്ദുത്വ വാദികളല്ല. അവര്‍ ബാബറി മസ്ജിദിന് പുറത്തേക്ക് ഓടിയപ്പോള്‍ നമ്മള്‍ ഇവിടെ വാവര് പള്ളിയില്‍ നിന്ന് തൊഴുകയായിരുന്നു. അന്ന് മണ്ഡലകാലമായിരുന്നല്ലോ, ഇത് താന്‍ പല വേദികളിലും പ്രസംഗിച്ചതായും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.
ഹിന്ദുക്കള്‍ പൊതുവെ വിഗ്രഹാരാധനയില്‍ കൂടുതല്‍ താത്പര്യമുള്ളവരാണ്. എന്നാല്‍ വാവര് പള്ളിയുടെ തൊട്ടിപ്പുറത്ത് അമ്പലത്തില്‍ ഒരു വാവര് നടയുണ്ട്. ആയിരം വര്‍ഷമായിട്ട് അവിടെ ഒരു വിഗ്രഹമോ പ്രതിമയോ പോലുമില്ല. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് അത് ഇഷ്ടമല്ല, ശിര്‍ക്കാണ് എന്നതുകൊണ്ടാണ് വാവര്‍ക്ക് വേണ്ടി നടവെച്ചപ്പോള്‍ അമ്പലത്തിനകത്ത് പോലും ഒരു പ്രതിമയോ വിഗ്രഹമോ വെക്കാതിരുന്നത്. ഹിന്ദുക്കളുടേയും മുസ്‌ലീങ്ങളുടേയും പൂര്‍വികന്മാര്‍ അത്രമാത്രം പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടുന്നു.