| Wednesday, 30th June 2021, 10:12 am

മുസ്‌ലിങ്ങള്‍ വല്ലാതെ പെരുകുന്നുവെന്ന ചിന്ത ഞങ്ങളില്‍ ചില സവര്‍ണ വിഭാഗങ്ങള്‍ക്കുണ്ട്: രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിങ്ങള്‍ വല്ലാതെ പെരുകുന്നുവെന്ന ചിന്ത തങ്ങളിലെ ചില സവര്‍ണ വിഭാഗങ്ങള്‍ക്കുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. മീഡിയ വണ്‍ ചാനലിലെ ഫസ്റ്റ് ഡിബേറ്റ് പരിപാടിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം പറഞ്ഞത്. കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകള്‍ മാറ്റുന്നു എന്ന പ്രചരണത്തിന് പിന്നിലാരാണെന്ന വിഷയത്തിലുള്ള ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശം.

കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റുന്നു എന്ന വാര്‍ത്ത വളരെ പെട്ടെന്ന് പ്രചരിക്കപ്പെടുന്നത്  ഹിന്ദുസമൂഹം അനുഭവിക്കുന്ന ചില ആത്മീയ ശൂന്യതയുടെ പ്രശ്നം കൊണ്ടാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘ഇത് വിഷയത്തിന്റെ മാത്രം സവിശേഷതയൊന്നുമല്ല. 2.6 ശതമാനം പ്രത്യുല്‍പ്പാദന തോത് മുസ്‌ലിം വിഭാഗത്തിനും 1.3 ശതമാനം പ്രത്യുല്‍പ്പാദന തോത് ഹിന്ദുവിഭാഗത്തിനുമെന്നത് ഭാവിയില്‍ പ്രശ്നമുണ്ടായേക്കുമോ എന്ന ഭയമാണ് അടിസ്ഥാന വിഷയം.

അതാണ് ഹലാല്‍ വിവാദമായും ഡാന്‍സ് ജിഹാദ് ആരോപണമായുമെല്ലാം പുറത്തുവരുന്നത്. അത് ഹിന്ദു അനുഭവിക്കുന്ന ആത്മീയ ശൂന്യതയുടെ പ്രശ്നമാണ്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പ്രചരണത്തിന് ബി.ജെ.പി. മാപ്പുപറയണോ എന്ന അവതാരകന്റെ ചോദ്യത്തിന് പേര് മാറ്റത്തിന് ശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിച്ചതോടെ വിഷയം അവസാനിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

വാര്‍ത്ത വന്നയുടന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം പെട്ടെന്ന് സ്വാഭാവികമായി പ്രതികരണമറിയിക്കുകയായിരുന്നു. ഇതിനെ ബി.ജെ.പിയുടെ എന്തെങ്കിലും ഗൂഢാലോചനയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ലിബറല്‍ വിഭാഗം പറയുന്നതുപോലെ ആര്‍.എസ്.എസ്. ഇങ്ങനെ പ്രചരിപ്പിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rahul Easwar’s  Controversial reference in Media One debate 

We use cookies to give you the best possible experience. Learn more