| Friday, 5th October 2018, 7:46 pm

അയ്യപ്പന് വേണ്ടി ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണം; പ്രക്ഷോഭം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണമെന്ന് രാഹുല്‍ ഈശ്വര്‍.

വിധിക്കെതിരെ ഭക്തരെല്ലാം തമിഴ് സഹോദരങ്ങള്‍ കാണിച്ച തന്ന ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണമെന്നാണ് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.


സ്വാമി അയ്യപ്പന് വേണ്ടിയുള്ള മഹാപ്രക്ഷോഭം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ദുബൈ, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനി 12 ദിവസം- ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള ധര്‍മ്മ യുദ്ധം ശക്തമാക്കണം –
(1 Point, 20 Seconds)

100 കണക്കിന് സ്ഥലങ്ങളില്‍ ആയിരകണക്കിന് ജനങ്ങളാണ്, ഭക്തരാണ് പ്രതിരോധത്തിനായി അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി മുന്നോട്ടു വരുന്നത്.


(1) കോടതി വഴി നമ്മുടെ നിയമ ടീം നോക്കിക്കോളും. നമ്മള്‍ ഭക്തര്‍ തമിഴ് സഹോദരങ്ങള്‍ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണം. ഇതു സ്വാമി അയ്യപ്പന് വേണ്ടി, ശബരിമലക്ക് വേണ്ടി.. എല്ലാ ദേവാലയങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മ്മ യുദ്ധം ആണ്.

മഹാ പ്രക്ഷോഭം 10 ഓളം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ദുബൈ, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള ദേശങ്ങളില്‍ നിന്നും വലിയ പിന്തുണ വരുന്നുണ്ട്.

സ്വാമി ശരണം.

We use cookies to give you the best possible experience. Learn more