| Sunday, 18th October 2020, 6:04 pm

ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുന്നു; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോദിയോട് രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് വര്‍ഗീയ പരാമര്‍ശം നിറഞ്ഞ അഭ്യര്‍ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

‘മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാര്‍ക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ പ്രസ്താവന രാഹുല്‍ നടത്തിയത്.

മുസ്‌ലിം പ്രത്യുല്‍പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്‍പാദനം കുറയുന്നതിലാണ് ആശങ്കയെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുലിന്റെ വാദം.

നേരത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് മോദി പറഞ്ഞിരുന്നു.

‘നമ്മുടെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.’ പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് രാജ്യത്ത് നിയമപ്രകാരം വിവാഹിതരാകാന്‍ അനുവദിച്ചിരിക്കുന്ന പ്രായം. ഇതില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഉയര്‍ത്തിയേക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാഹപ്രായവും സ്ത്രീകള്‍ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 22ന് അറിയിച്ചിരുന്നു. ഇതിനു പുറമെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, ശിശുമരണനിരക്ക്, ഗര്‍ഭകാലത്തെ പോഷകാഹാര ലഭ്യത, സ്ത്രീപുരുഷ അനുപാതം, തുടങ്ങിയ കാര്യങ്ങളും ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കുമെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Easwar Narendra Modi Hindu Fertility Rate

We use cookies to give you the best possible experience. Learn more