| Monday, 22nd October 2018, 6:27 pm

രാഹുല്‍ ഈശ്വറിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടരക്കര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിന് ജാമ്യം. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്.

തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ജയിലില്‍ നിരാഹാരം കിടന്നിരുന്നു.  തുടര്‍ന്ന് രാഹുലിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു.

Also Read “രാഷ്ട്രീയക്കാരെപ്പോലെ പെരുമാറരുത്” ;തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മന്ത്രി എ.കെ ബാലന്‍

ജാമ്യമില്ലാ വകുപ്പ് പ്രകാരം 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. രാഹുല്‍ ഈശ്വറിനു പുറമേ അക്രമത്തില്‍ പങ്കാളിയായ 38 പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പരസ്യമായി അക്രമത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റും ഇതിനെതിരെ പ്രക്ഷോഭം അഴിച്ചുവിടാന്‍ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നു.

Also Read “”എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണേ””: രഹ്ന ഫാത്തിമ

തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാനെന്ന പേരില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട സംഭവങ്ങളുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറുള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.

Doolnews Video

We use cookies to give you the best possible experience. Learn more