| Tuesday, 6th November 2018, 6:08 pm

രാഹുല്‍ ഈശ്വറും ഡൊണാള്‍ഡ് ട്രംപും

ഫാറൂഖ്

അഞ്ചാറു കൊല്ലം മുമ്പ് അമേരിക്കയിലെ ഏറ്റവും വലിയ കോമാളിയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. കാശുള്ള അച്ഛന്റെ മകന്‍ എന്ന യോഗ്യതക്ക് പുറമെയുള്ള ഒരേയൊരു യോഗ്യത അപ്പ്രെന്റിസ് എന്ന ഒരു റിയാലിറ്റി ഷോയുടെ പല ജഡ്ജിമാരില്‍ ഒരാള്‍ എന്നതായിരുന്നു . ആ റിയാലിറ്റി ഷോയില്‍ അയാള്‍ പറഞ്ഞ വിഡ്ഢിത്തങ്ങളുടെയും വിടുവായത്തങ്ങളുടെയും വീഡിയോ ക്ലിപ്പുകളാണ് ട്രമ്പിന്റേത് മുഴുവന്‍ അമേരിക്കക്കാരുടെയും പരിചിത മുഖം ആക്കിയത്. ചില മാനറിസങ്ങള്‍ , പ്രത്യകിച്ചു മുഖം വക്രീകരിച്ചും കൈ പ്രത്യേക രീതിയില്‍ ചലിപ്പിച്ചും ഉള്ള ബോഡി ലാംഗ്വേജ്, ആവര്‍ത്തിച്ചുള്ള ക്‌ളീഷേ ഡയലോഗുകള്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയുടെയും കോമഡി താരങ്ങളുടെയും പ്രിയങ്കരനാവാന്‍ ട്രംപിനെ സഹായിച്ചു.

വിടുവായനായ ഒരു വിഡ്ഢിയായിരുന്നെങ്കിലും ട്രംപ് ഒരു വിദ്വേഷ രാഷ്ട്രീയക്കാരനായിരുന്നില്ല അന്നൊന്നും. ലിബറല്‍ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തിയ വ്യക്തിയായിരുന്നു അയാള്‍. ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വന്ന പ്രശസ്തി എങ്ങനെ അധികാര രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിക്കാം എന്നതായിരുന്നു ട്രംപിന്റെ അക്കാലത്തെ ആലോചന.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തേക്ക് കയറാന്‍ പ്രത്യേകിച്ച് മാര്‍ഗം ഒന്നും കാണാതിരുന്ന ട്രംപിന് തന്റെ PR കമ്പനിയിലെ സുഹൃത്തുക്കളാണ് യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കയറാനുള്ള കുറുക്കു വഴി പറഞ്ഞു കൊടുക്കുന്നത്. ഒരൊറ്റ പ്രസ്താവന കൊണ്ട് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ ഹീറോ ആയി. അമേരിക്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കോക്കാര്‍ മുഴുവന്‍ കൊലപാതകികളും ബലാത്സംഗക്കാരും ആണെന്നതായിരുന്നു ആ പ്രസ്താവന.

അമേരിക്കയിലെ യാഥാസ്ഥിതികര്‍ ഇന്ത്യയിലെ യാഥാസ്ഥിതികരെ പോലെ തന്നെ ഉപരിപ്ലവമായ വാദങ്ങളില്‍ അഭിരമിക്കുന്നവരാണ്. ഗൂഢാലേചന സിദ്ധാന്തങ്ങള്‍, ഭൂത കാലത്തെ കുറിച്ചുള്ള അതിരു കടന്ന അഭിമാനം , വര്‍ത്തമാനത്തെ കുറിച്ചും ഭാവിയെ കുറിച്ചും അനാവശ്യമായ വേവലാതി എന്നിവയാണ് കാര്യമായ വിദ്യാഭ്യാസമോ വായനയോ ഇല്ലാത്ത ഇവരുടെ മുഖമുദ്ര.

ഇവരുടെ സങ്കല്പത്തിലെ ശത്രുക്കളെ, പ്രധാനമായും കുടിയേറ്റക്കാരെ, കറുത്തവരെ, സ്ത്രീകളെ , എത്ര മോശം വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുന്നോ അത്രയും വലിയ നേതാവാകും അയാള്‍. മുന്‍പ് എഡിറ്റര്‍മാര്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുന്നത് കൊണ്ട് വിടുവായന്മാര്‍ക്ക് അവരുടെ വിടുവായത്വങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു . പക്ഷെ റേറ്റിംഗിന് വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ ഇക്കൂട്ടരെ പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഇവരുടെ കാലം തെളിഞ്ഞു.

അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള പ്രൈമറി രീതി ട്രംപിന് വലിയ ഉപകാരമായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും സാമൂഹ്യ പ്രവര്‍ത്തനമോ രാഷ്ട്രീയ പ്രവര്‍ത്തനമോ നടത്തിയില്ലാത്ത ട്രംപ് ആദ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായി, പിന്നീട് പ്രസിഡന്റും. ജീവിതം മുഴുവന്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മറ്റു നേതാക്കന്മാരെല്ലാം ഈ വിടുവായന്റെ മുമ്പില്‍ നിഷ്പ്രഭരായി. ടെലിവിഷനും സോഷ്യല്‍ മീഡിയയും ചേര്‍ന്ന് നേതാക്കളെ ഉണ്ടാക്കുന്ന കാലത്തിലെ ഏറ്റവും വലിയ ഉദാഹരണമായി ട്രംപ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നു ഇന്ന്.

ട്രംപ് മാത്രമല്ല ടെലിവിഷനും സോഷ്യല്‍മീഡിയയും ചേര്‍ന്ന് ലോകത്തിന് സമ്മാനിച്ച വിടുവായന്മാരായ നേതാക്കള്‍ . അടുത്തിടെ ബ്രസീലില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ജൈര്‍ ബോള്‍സെനാരോ പ്രശസ്തിയിലേക്കുയര്‍ന്നത് ഒരു ടിവി ഷോയില്‍ വച്ച് ഒരു സ്ത്രീയോട് നിങ്ങള്‍ക്ക് എന്നാല്‍ ബലാത്സംഗം ചെയ്യപ്പെടാനുള്ള യോഗ്യത ഇല്ലെന്നു പറഞ്ഞപ്പോഴാണ്. പിന്നീട് ബ്രസീലില്‍ ഉണ്ടെന്നു പറയപ്പെടുന്ന കറുത്തവരായ കുടിയേറ്റക്കാര്‍ക്കെതിരെ നിരന്തരം നടത്തിയ വംശീയ അധിക്ഷേപങ്ങളും. സത്യത്തില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അനധികൃതമായി കുടിയേറുന്നവരില്‍ മൂന്നാമത്തേത് ബ്രസീലുകാരാണെന്നോര്‍ക്കണം, ഒന്നാമത്തേത് ഇന്ത്യക്കാരും.

രാഹുല്‍ ഈശ്വറിനെ നമ്മള്‍ കണ്ടത് ടീവി യില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമാണ്. സാധാരണ രീതിയില്‍ ഒരാള്‍ പ്രശസ്തനാകാറുള്ള രീതിയില്‍ സിനിമയില്‍ അഭിനയിക്കുക, പുസ്തകം എഴുതുക, സാമൂഹ്യ/രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി യാതൊന്നും അദ്ദേഹം ചെയ്തതായി അറിയില്ല. വിടുവായിത്വവും മാനറിസങ്ങളും നന്നായുള്ളതു കൊണ്ട് ടെലിവിഷന്‍ ചാനലുകള്‍ സ്ഥിരമായി വിളിക്കുന്നു എന്നത് കൊണ്ട് മാത്രം നമ്മളറിയുന്ന വ്യക്തിയാണ് രാഹുല്‍. ആ രാഹുല്‍ ഈശ്വര്‍ വിളിച്ചപ്പോള്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി എന്നതാണ് നമ്മള്‍ ട്രംപ് യുഗത്തില്‍ എത്തി എന്നതിന് തെളിവ്.

ശബരിമല വിധി വന്നതിനു ശേഷം മിക്കവാറും എല്ലാ സംഘടനകളും വിധിയെ സ്വാഗതം ചെയ്തപ്പോഴും രാഹുല്‍ ഈശ്വര്‍ മാത്രമാണ് സമരാഹ്വാനം നടത്തിയത് . അത് കണ്ടു ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ രാഹുല്‍ ഈശ്വറിന്റെ പിറകെ നടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അളന്നു മുറിച്ച വാക്കുകളില്‍ ആകര്‍ഷകമായ മാനറിസങ്ങള്‍ ചേര്‍ത്തു ബുദ്ധിപരമായി മണ്ടത്തരം പറയാന്‍ ഇന്ന് രാഹുല്‍ ഈശ്വറിനെക്കാളും കേമന്മാര്‍ കേരളത്തിലില്ല. അത്തരക്കാര്‍ക്ക് നേതാവാവാന്‍ ബി.ജെ.പി അല്ലാതെ ഒരു പാര്‍ട്ടിയും കേരളത്തിലില്ല. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചു പടിപടിയായാണ് മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നേതാക്കളുണ്ടാകുന്നത്. കേരള കോണ്‍ഗ്രെസ്സുകളിലെ മക്കള്‍ രാഷ്ട്രീയം ആണ് ഇതിനപവാദം. ബി.ജെ.പി നേതാക്കള്‍ രാഹുല്‍ ഈശ്വരനോട് മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള കഴിവില്ല. ശ്രീധരന്‍ പിള്ള രാഹുല്‍ ഈശ്വറിനെ പോലെ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ബുദ്ധിമാന്‍ വിഡ്ഢിയായി അഭിനയിക്കുന്ന പോലെയാണ് ആള്‍ക്കാര്‍ക്ക് തോന്നുന്നത്.

ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും ഗോപാലകൃഷ്ണനുമെല്ലാം സംസാരിക്കുമ്പോള്‍ ഒരു മണ്ടന്‍ മണ്ടത്തരം പറയുന്നു എന്നല്ലാതെ രാഹുല്‍ ഈശ്വറുണ്ടാക്കുന്ന അഭിനവത്വം ഉണ്ടാകുന്നില്ല. സ്വാഭാവികമായി എത്തിപെടാവുന്ന ഹനുമാന്‍ സേന, ശിവസേന തുടങ്ങിയവയിലൊന്നും പോയി ജീവിതം തുലാക്കാന്‍ മാത്രം വിഡ്ഢിയല്ല രാഹുല്‍. അത് കൊണ്ട് ബി.ജെ.പി നേതാവായി രാഹുല്‍ ഈശ്വര്‍ വരും.

ടെലിവിഷന്‍ നേതാക്കന്മാരെ ഉണ്ടാക്കുന്നത് സമാനതകളില്ലാത്തതല്ല ചരിത്രത്തില്‍. ഗീബല്‍സ് തന്റെ പ്രൊപഗണ്ട മിക്കവാറും ചെയ്തത് റേഡിയോ ഉപയോഗിച്ചാണ്. ഹിറ്റ്‌ലര്‍ ഉയര്‍ന്ന് വരുന്നതും ശേഷം ജൂത കൂട്ടക്കൊലയ്ക്ക് അരങ്ങൊരുക്കുന്നതും റേഡിയോ ഉപയോഗിച്ചാണ്. ദശലക്ഷങ്ങള്‍ മരിച്ച റുവാണ്ടന്‍ കൂട്ടക്കൊലയില്‍ റേഡിയോ വഹിച്ച പങ്ക് ഹോട്ടല്‍ റുവാണ്ട എന്ന ഹോളിവുഡ് ചിത്രം കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകും. റേഡിയോ ഇപ്പോള്‍ വലിയ സ്വാധീനമില്ലാത്ത മാധ്യമമായി. അത് പോലെ ടീവിയും സോഷ്യല്‍ മീഡിയയും ഒക്കെ സ്വാധീനമില്ലാത്ത മാധ്യമങ്ങളാവും ഭാവിയില്‍, പക്ഷെ അതിനു മുമ്പ് ട്രമ്പിനെയും ബോള്‍സെനാരോയെയും രാഹുല്‍ ഈശ്വറിനെയും പോലെ നിരവധി നേതാക്കളെ കാണേണ്ടി വരും നമ്മള്‍.

ജനാധിപത്യത്തില്‍ ജനങ്ങള്‍ പലവിധ പാര്‍ട്ടികളെ പരീക്ഷിക്കും, സത്യത്തില്‍ ജനാധിപത്യത്തിന്റെ കാതല്‍ തന്നെ അതാണ്. ലോകമെങ്ങും അതാണ് രീതി, കുറച്ചു വര്‍ഷങ്ങള്‍ ലിബറല്‍ പാര്‍ട്ടികള്‍ ഭരിക്കും, പിന്നെ കുറച്ചു വര്‍ഷങ്ങള്‍ യാഥാസ്ഥിതിക പാര്‍ട്ടികള്‍, തിരിച്ചും. ആ നിലക്ക് കേരളം ബി.ജെ.പി ഭരിക്കില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ നമ്പൂതിരിമാര്‍ മുഴുവനും നായന്മാര്‍ മുക്കാല്‍ പങ്കും ബി.ജെ.പിയിലാണ്.

കോണ്‍ഗ്രസ്സിലെ കുറെ നേതാക്കളും അണികളും ബി.ജെ.പിയിലേക്ക് പോവുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്താല്‍ ലീഗ് കോണ്‍ഗ്രസിനെ വിട്ട് ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കും. കശ്മീരിലും ത്രിപുരയിലും ബി.ജെ.പി ഉണ്ടാക്കിയ സഖ്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ലീഗുമായി ഒരു സഖ്യം ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് മടിയുണ്ടാവില്ല. ലീഗിന് മടിയുണ്ടാകുമോ എന്ന് ചോദിച്ചാല്‍ 91 ലെ ബേപ്പൂര്‍, വടകര സഖ്യം ഓര്‍ത്താല്‍ മതി. അഥവാ ചരിത്രത്തില്‍ താല്പര്യം ഇല്ലാത്തവരാണെങ്കില്‍ കോഴിക്കോട്ടെ ഏതെങ്കിലും ലീഗ് പ്രമാണിയുടെ വീട്ടില്‍ കല്യാണത്തിന് പോയാല്‍ മതി, മറ്റെന്തു തിരക്കുകളുണ്ടെങ്കിലും കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ശ്രീധരന്‍ പിള്ളയും അവിടെ എത്തിയിരിക്കും. അത്രക്ക് വലിയ സൗഹൃദമാണ് ലീഗ് നേതാക്കളും ബി.ജെ.പി നേതാക്കളും തമ്മില്‍ കേരളത്തില്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു മാറ്റം വേണമെന്ന് തോന്നിയാല്‍ ബി.ജെ.പി-ലീഗ് സഖ്യം പാട്ടും പാടി ജയിക്കും.

ഒബാമയെ തോല്‍പ്പിച്ച് വിടുവായന്‍ ട്രംപ് വന്നത് പോലെ, മണിക് സര്‍ക്കാരിനെ തോല്‍പ്പിച്ച് വിടുവായന്‍ ബിപ്ലവ് ദേവ് വന്നത് പോലെ , പിണറായിയെ തോല്‍പിക്കാന്‍ നമുക്കും ഒരു വിടുവായന്‍ വരും – രാഹുല്‍ ഈശ്വര്‍ അല്ലെങ്കില്‍ അതേപോലെ മറ്റൊരാള്‍. കാരണം ടെലിവിഷനും സോഷ്യല്‍ മീഡിയയും നേതാക്കളെ തിരഞ്ഞെടുക്കുന്ന കാലത്തു ജീവിക്കുന്നവരാണല്ലോ നമ്മള്‍ !

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more