| Saturday, 19th January 2019, 9:30 pm

ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്, കള്ളനാണ്; ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും രാഹുല്‍ ഈശ്വര്‍ (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലവിധി പുറപ്പെടുവിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ 51 യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.

സുപ്രീംകോടതിയില്‍ ഹരജികള്‍ പരിഗണിക്കാനിരിക്കെ പുതിയ ചീഫ് ജസ്റ്റിസ് വന്നതില്‍ പ്രതീക്ഷയുണ്ടെന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം നേതാവ് എ.എ റഹീം സൂചിപ്പിക്കുമ്പോഴായിരുന്നു രാഹുലിന്റെ മറുപടി.

“കാരണം ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്, കള്ളനാണ്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ഇംപീച്ച്‌മെന്റ് മോഷന്‍ മൂവ് ചെയ്യാന്‍ കൊടുത്ത വ്യക്തിയാണ്.”

ALSO READ: ശബരിമല സമരം പരാജയമെന്ന് സമ്മതിച്ച് ശ്രീധരന്‍പിള്ള; നിരാഹാര സമരം നാളെ അവസാനിപ്പിക്കും

രാഹുലിന്റെ പ്രതികരണം കോടതിയലക്ഷ്യമാണെന്ന് റഹീം ചൂണ്ടിക്കാട്ടിയെങ്കിലും വീണ്ടും രാഹുല്‍ ഈശ്വര്‍ ദീപക് മിശ്രയ്‌ക്കെതിരെ ആക്ഷേപമുന്നയിക്കുകയായിരുന്നു. സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുകായണെന്നും റഹീം വ്യക്തമാക്കി.

ജസ്റ്റിസ് ദീപക് മിശ്ര ശരിയല്ലെന്ന് പറയുന്നത് താനൊരു രാജ്യസ്‌നേഹിയായത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. ദീപക് മിശ്ര ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റാണെന്നും രാഹുല്‍ പറഞ്ഞു. ജെല്ലിക്കെട്ടിലൂടെ, ശബരിമലയിലൂടെ ഈ നാടിന്റെ മൈത്രി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ദീപക് മിശ്രയെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

നേരത്തേയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ചിരുന്നു.

We use cookies to give you the best possible experience. Learn more