| Friday, 5th May 2017, 5:12 pm

'എന്നെ കണ്ടു പഠിക്കാത്തത് നന്നായി'; മത്സരശേഷം സഞ്ജുവിനോടും പന്തിനോടും രാഹുല്‍ ദ്രാവിഡിനു പറയാന്‍ ഉണ്ടായിരുന്നത് ഇതു മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഞ്ജുവും ഋഷഭും താന്‍ ബാറ്റ് ചെയ്യുന്ന വിഡിയോ കാണാതിരുന്നത് തനിക്ക് സന്തോഷം പകരുന്നതാണെന്ന് രാഹുല്‍ ദ്രാവിഡ്. “ഞാന്‍ ബാറ്റ് ചെയ്യുന്ന ഒരുപാട് വിഡിയോ നിങ്ങള്‍ കാണാതിരുന്നത് എനിക്ക് സന്തോഷമായി. പ്രത്യേകിച്ച് 20 ഓവറില്‍ 208 റണ്‍സ് വേണ്ട സമയത്ത്. രണ്ട് പേരും നന്നായി ചെയ്തു. മികച്ച ഇന്നിങ്ങ്‌സായിരുന്നു ” രാഹുല്‍ ദ്രാവിഡ് മത്സര ശേഷം പറഞ്ഞ വാക്കുകളാണിത്.

മികച്ച പ്രകടനവുമായി ഋഷഭ് പന്തും സഞ്ജു വി.സാംസണും കളം നിറഞ്ഞപ്പോള്‍ ഗുജറാത്തിനെതിരെ ഡല്‍ഹി വിജയം കണ്ടു. ഇരുവരുടെയും അര്‍ധ സെഞ്ചുറികളാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഗുജറാത്ത് ലയണ്‍സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി മുട്ടുകുത്തിച്ചത്. ഇതോടെയാണ് ഇരുവരെയും പ്രശംസിച്ച് ഡല്‍ഹി ടീമിന്റെ കോച്ചായ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയത്.

ഋഷഭിന്റെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. “ഋഷഭിന്റെ ബാറ്റിങ്ങില്‍ ഞാന്‍ സന്തുഷ്ടവാനാണ്. സെഞ്ചുറി അടിക്കുന്നതിനെ പറ്റി ആകുലതകളൊന്നുമില്ലാതെയാണ് ഋഷഭ് ബാറ്റ് ചെയ്തത്. ടീമിനെ വിജയിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. എന്നാല്‍ അടുത്ത മത്സരത്തില്‍ പുറത്താവാതെ ഋഷഭ് മികച്ച റണ്‍സ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും” അദ്ദേംഹം കൂട്ടിച്ചേര്‍ത്തു.

ഋഷഭ് പന്തിന്റെയും സഞ്ജു വി.സാംസണിന്റെയും അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഋഷഭ് 43 പന്തില്‍നിന്നായാണ് 97 റണ്‍സ് അടിച്ചുകൂട്ടിയത്. 31 പന്തില്‍ നിന്ന് 61 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.


Also Read: ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം


നേരത്തെ റിഷഭിനേയും സഞ്ജുവിനേയും പ്രശംസിച്ച് സച്ചിനും സെവാഗും ഗാംഗുലിയുമടക്കമുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഐ.പി.എല്ലില്‍ താന്‍ കണ്ട മികച്ച ഇന്നിംഗ്‌സുകളിലൊന്നെന്നായിരുന്നു സച്ചിന്‍ റിഷഭിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.

We use cookies to give you the best possible experience. Learn more