ഇന്ത്യയുടെ ടി-20 പരിശീലകസ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡിനെ മാറ്റി പകരം വി.വി.എസ് ലക്ഷ്മണെ എത്തിക്കാൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിനെ പഴയ ഫോമിലേക്ക് കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ് ബി.സി.സി.ഐ. നിലവിലുള്ള സെലക്ഷൻ കമ്മിറ്റിയെയടക്കം പിരിച്ചുവിട്ട് ജനുവരിയോടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇന്ത്യ ആലോചിക്കുന്നത്.
ടീമിലടക്കം വലിയ അഴിച്ചുപണികൾ ഇന്ത്യ നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടി-20യിൽ കാര്യമായ മാറ്റം കൊണ്ടുവരാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്. കഴിവുള്ള യുവതാരങ്ങൾക്ക് ടി-20യിൽ കൂടുതൽ അവസരം നൽകുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് ഫോർമാറ്റിലും മൂന്ന് ടീം എന്നതാണ് ഇന്ത്യയുടെ പദ്ധതി. ഏകദിനത്തിലും ടെസ്റ്റിലും ദ്രാവിഡ് പരിശീലകനായിത്തുടരുമ്പോൾ ലക്ഷ്മൺ ടി20 പരിശീലകനാവട്ടേയെന്ന നിലപാടിലാണ് ബി.സി.സി.ഐ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഇന്ത്യയുടെ ടി-20 പരിശീലകനായി ലക്ഷ്മണെത്തുമെന്ന സൂചനകൾ പുറത്തുവന്നത് മുതൽ വലിയ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മൺ. ദ്രാവിഡിന്റെ അഭാവത്തിൽ ഇന്ത്യയെ പരിശീലിപ്പിക്കുന്ന ചുമതല ലക്ഷ്മണിനാണ്.
വി.വി.എസ് ലക്ഷ്മൺ ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ടെങ്കിലും ഒരു അന്താരാഷ്ട്ര ടി-20 പോലും കളിച്ചിട്ടില്ല. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ലക്ഷ്മണെ ടി-20 പരിശീലകനാക്കുന്നത് മണ്ടത്തരമായിരിക്കുമെന്നാണ് ആരാധകർ ഉന്നയിക്കുന്ന വാദം. ലക്ഷ്മണിന്റെ ടി-20യിലെ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ടി-20യിൽ പരിശീലനം നൽകാൻ യോഗ്യനല്ലെന്ന് ആരാധകർ വാദിക്കുന്നത്.
വീരേന്ദർ സെവാഗിനെ പരിശീലകനാക്കുകയോ രവി ശാസ്ത്രിയെ തിരിച്ചുകൊണ്ടുവരികയോ ചെയ്യണമെന്നാണ് ആരാധകരിൽ ചിലർ ആവശ്യപ്പെടുന്നത്. ലക്ഷ്മണിനെ കൊണ്ടുവരുന്നതിലും നല്ലത് ദ്രാവിഡ് തന്നെ തുടരുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം എബി ഡിവില്ലിയേഴ്‌സിനെ പരിശീലകനാക്കിയാൽ നന്നാകുമെന്നും അഭിപ്രായമുണ്ട്. എന്നാൽ ദ്രാവിഡിനെ ടി-20യിൽ നിന്ന് മാറ്റി പകരം ലക്ഷ്മണെ പരിശീലകനാക്കാൻ തന്നെയാണ് ബി.സി.സി.ഐ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.