ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിയും കുംബ്ലെയും വിരാടും തമ്മിലുള്ള പോരും കുംബ്ലെയുടെ രാജിയുമെല്ലാം ഇന്ത്യന്‍ ടീമിനെ വലച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ ബോംബിട്ട് മുന്‍ താരവും യുവടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡും രംഗത്തെത്തിയിരിക്കുകയാണ്.
ടീം ഇന്ത്യയുടെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ നിര്‍ദേശിച്ചാണ് മുന്‍ ഇന്ത്യന്‍ നായകനും എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയത്. 2019 ലോകകപ്പിനെ ലക്ഷ്യം വെച്ച് ടീം ഇന്ത്യയെ ഒരുക്കണമെന്നും ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇ.എസ്പി.എന്‍ ക്രിക്കറ്റ് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഈ രണ്ട് താരങ്ങളുടെ അടുത്ത രണ്ട് വര്‍ഷം ടീം ഇന്ത്യയിലെ റോള്‍ എന്താണ്. ഇവരെ രണ്ട് പേരേയും ടീമിന് ആവശ്യമുണ്ടോ? അതോ ഇവരില്‍ ഒരാളേയോ ടീമിന് ആവശ്യം? ഇതില്‍ തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണ്. എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്.
ആറു മാസത്തിനിടയിലോ ഒരു വര്‍ഷത്തിനിടയിലോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തമെന്നും പുതിയ താരങ്ങളെ പരിഗണിക്കണമോ അതോ ധോണിയേയും യുവരാജിനേയും തന്നെ ആശ്രയിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജുമെന്റ് അന്തിമ നിലപാടെടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടു.
വിദേശത്തെ ഫ്‌ളാറ്റ് പിച്ചുകളില്‍ കളിക്കുന്നതില്‍ അശ്വിനും ജഡേജയും വേണ്ടത്ര മികവ് പുലര്‍ത്തുന്നില്ലെന്നും അവരെ കളിപ്പിക്കുന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും പറഞ്ഞ ദ്രാവിഡ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞു.