ഐ.പി.എല്‍ 2025ന് മുമ്പായി രാജസ്ഥാന്‍ റോയല്‍സിന് കരുത്താകാനായി രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്ക്. ടീമിന്റെ പുതിയ കോച്ചായി മുന്‍ നായകന്‍ ചുമതലയേറ്റതായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024ല്‍ ഇന്ത്യന്‍ കോച്ചായുള്ള ദ്രാവിഡിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വന്‍മതില്‍ രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നത്.
ദ്രാവിഡ് രാജസ്ഥാനുമായി കരാറിലെത്തിയെന്നും വരാനിരിക്കുന്ന താരലേലവുമായി ബന്ധപ്പെട്ട് ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തണമെന്നതുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ ഫ്രാഞ്ചൈസിയുമായി നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നായകന്‍ സഞ്ജു സംസണുമായി മികച്ച ബന്ധമാണ് ദ്രാവിഡിനുള്ളത്. ദ്രാവിഡ് രാജസ്ഥാന്റെ ക്യാപ്റ്റനായിരിക്കവെയാണ് സഞ്ജു ടീമിന്റെ ഭാഗമാകുന്നത്. ഇതിന് പുറമെ സഞ്ജു അണ്ടര്‍ 19 കളിക്കുമ്പോള്‍ താരത്തിന്റെ വളര്‍ച്ച അടുത്ത് നിന്ന് കണ്ടവരില്‍ ഒരാള്‍ കൂടിയാണ് ദ്രാവിഡ്.
40 മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച ദ്രാവിഡ് 23 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. 57.50 ആണ് ക്യാപ്റ്റന്റെ റോളില്‍ രാജസ്ഥാനൊപ്പമുള്ള താരത്തിന്റെ വിന്‍ പേര്‍സെന്റ്.
നേരത്തെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ ദ്രാവിഡിന് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പരിശീലകന്റെ റോളില്‍ മെന്‍ ഇന്‍ ബ്ലൂവിനെ വിശ്വവിജയികളാക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുപോലെ ക്യാപ്റ്റന്റെ റോളില്‍ ചെയ്യാന്‍ സാധിക്കാത്തത് പരിശീലകന്റെ റോളില്‍ ചെയ്തുകാട്ടാന്‍ തന്നെയാണ് സൂപ്പര്‍ താരം സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്കെത്തുന്നത്.
ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്കെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ നേടിയ കിരീടം ഇതുവരെ ഒരിക്കല്‍ക്കൂടി പിങ്ക് സിറ്റിയിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. പല തവണ കപ്പിനും ചുണ്ടിലും ഇടയിലായിരുന്നു രാജസ്ഥാന് കിരീടം നഷ്ടമായത്. 2022ല്‍ ഫൈനലിലെത്തിയ ടീം ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായി രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 17 പോയിന്റോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നത്.
എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തകര്‍ത്തുവിട്ട രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്താവുകയായിരുന്നു.
ഇത്തവണ നടക്കുന്ന മെഗാ താരലേലത്തില്‍ ടീമിനെ കൂടുതല്‍ സ്റ്റേബിളാക്കാനും ഒരിക്കല്‍ നേടിയ കിരീടം വീണ്ടും തങ്ങളുടെ ഷെല്‍ഫിലെത്തിക്കാനുമാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.
Content Highlight: Rahul Dravid to return to Rajasthan Royals as head coach, Reports