ഇന്ത്യയുടെ തോൽവിക്ക് കാരണം അതാണ്; വെളിപ്പെടുത്തലുമായി ദ്രാവിഡ്
Cricket
ഇന്ത്യയുടെ തോൽവിക്ക് കാരണം അതാണ്; വെളിപ്പെടുത്തലുമായി ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th January 2024, 1:24 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 28 റണ്‍സ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. 231 വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 202 റണ്‍സിന് പുറത്താക്കുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ കാരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റര്‍മാരാണെന്നാണ് ദ്രാവിഡ് പറഞ്ഞത്.

‘മത്സരത്തിലെ സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ക്ക് 70 റണ്‍സ് കുറവായിരുന്നു. രണ്ടാം ദിവസം ബാറ്റ് ചെയ്യേണ്ട സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാല്‍ ചില താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഞങ്ങള്‍ക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ബാറ്റിങ്ങില്‍ ആരും സെഞ്ച്വറികള്‍ നേടിയില്ല. ആദ്യ ഇന്നിങ്‌സില്‍ തന്നെ കൂടുതല്‍ റണ്‍സ് നേടണമായിരുന്നു. രണ്ടാം ഇന്നിങ്‌സ് കൂടുതല്‍ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് എനിക്കറിയാമായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.

മത്സരത്തില്‍ ഒലി പോപ്പ് മികച്ച പ്രകടനം നടത്തിയെങ്കിലും 230 റണ്‍സ് പിന്തുടരാന്‍ ഇന്ത്യ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

‘ഹൈദരാബാദ് പിച്ചില്‍ 230 എന്ന സ്‌കോര്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. നാലാം ദിവസം ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏതെങ്കിലും ഒരു താരത്തില്‍ നിന്ന് ശ്രദ്ധേയമായ ഒരു മികച്ച പ്രകടനം ഉണ്ടാവണമായിരുന്നു. മൂന്നാം ദിവസം ഒല്ലി പോപ്പ് മികച്ച പ്രകടനമാണ് നടത്തിയത്. അവന്‍ ഓരോ ഷോട്ടുകളും കൃത്യമായി കളിച്ചു. ഇംഗ്ലണ്ടിലെ മറ്റൊരു താരവും അര്‍ധസെഞ്ച്വറി നേടാത്ത പിച്ചില്‍ പോപ്പ് നേടിയ 190 റണ്‍സ് ആണ് മത്സരത്തില്‍ ഉണ്ടാക്കിയ ഏക വ്യത്യാസം,’ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ആദ്യ ഇന്നിങ്‌സില്‍ 246 റൺസിന്‌ ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 436 റണ്‍സ് ആണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 426 റണ്‍സ് നേടി തിരിച്ചടിക്കുകയായിരുന്നു. 231 എന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 28 റണ്‍സിന് പരാജയപ്പെട്ടുകയായിരുന്നു.

ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്. ഫെബ്രുവരി രണ്ടിനാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. വിശാഖപട്ടണത്തെ ഡോ.വൈ.എസ് രാജശേഖർ റെഡ്ഢി എ.സി.എ വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rahul Dravid talks about Indian team performance.