| Thursday, 28th November 2024, 7:46 pm

പെര്‍ത്തില്‍ പല താരങ്ങള്‍ക്കും സാധിക്കാത്തത് അവന്‍ സ്വന്തമാക്കി; തുറന്ന് പറഞ്ഞത് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ മങ്ങിയ ജെയ്സ്വാള്‍ രണ്ടാം ഇന്നിങ്സില്‍ 297 പന്തില്‍ 15 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 161 റണ്‍സാണ് നേടിയത്. ഇതോടെ ഓസ്‌ട്രേലിയയില്‍ തന്റെ ആദ്യ സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ ജെയ്‌സ്വാളിന്റെ മിന്നും പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.

രാഹുല്‍ ദ്രാവിഡ് ജെയ്‌സ്വാളിനെക്കുറിച്ച് പറഞ്ഞത്

‘യശസ്വി ജെയ്സ്വാള്‍ ശക്തമായി മുന്നേറുകയാണ്. ഒന്നര വര്‍ഷം മുമ്പാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഓസ്ട്രേലിയയില്‍ പോയി പെര്‍ത്തില്‍ കളിക്കാനും ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടാനും അവന് കഴിഞ്ഞു. പല കളിക്കാര്‍ക്കും അത് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നു. അവന്‍ മികച്ച കളിക്കാരനാകുമെന്നെനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. അഡ്ലെയ്ഡിലും ഇന്ത്യ തങ്ങളുടെ ഡെമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content highlight: Rahul Dravid Talking About Yashasvi Jaiswal

We use cookies to give you the best possible experience. Learn more