ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ആദ്യ ടെസ്റ്റില്‍ രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിരാട് വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ്.
‘വിരാട് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ സൗത്ത് ആഫ്രിക്കയില്‍ ആയിരുന്നപ്പോള്‍, ചില ബുദ്ധിമുട്ടുള്ള പിച്ചുകളിലും അവന്‍ തന്റെ ക്ലാസ് കാണിച്ചു. ഇവിടെ പരമ്പരയുടെ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടിയത് സന്തോഷകരമാണ്. അവന്‍ ഇനിയും മികച്ച പ്രകടനം പുറത്തെടുക്കും,’ രാഹുല്‍ ദ്രാവിഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് വിരാട് വരവറിയിച്ചത്. ആദ്യ ഇന്നിങ്സില്‍ 5 റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്സില്‍ 143 പന്തില്‍ നിന്നാണ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോട് മോശം ഫോമിലായിരുന്ന വിരാട് ഓട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
Content Highlight: Rahul Dravid Talking About Virat Kohli