കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്ക വിജയം സ്വന്തമാക്കിയിരുന്നു. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ന് ലങ്കസ്വന്തമാക്കുകയായിരുന്നു. എന്നിരുന്നാലും പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവെച്ചത്.
സമനിലയില്‍ കലാശിച്ച ആദ്യ മത്സരത്തില്‍ 58 റണ്‍സും രണ്ടാം മത്സരത്തില്‍ 64 റണ്‍സും അവസാന മത്സരത്തില്‍ 35 റണ്‍സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികവ് പുലര്‍ത്താന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
‘രോഹിത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു പ്രിവിലേജായാണ് ഞാന്‍ കാണുന്നത്. രണ്ട് രണ്ടരവര്‍ഷം ഞാന്‍ അവരോടൊപ്പമുണ്ടായിരുന്നു, ആ കാലയളവിന്‍ അവന്‍ ഒരു മികച്ച ക്യാപ്റ്റനായെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും അവനോട് വലിയ ബന്ധത്തിലാവുന്നു. അവന് വലിയ മാറ്റങ്ങള്‍ വരുത്താനാകും,’ ദ്രാവിഡ് സ്റ്റാര്‍ സ്‌പോട്‌സിനോട് പറഞ്ഞു.
കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ രോഹിത്തിന്റേയും ദ്രാവിഡിന്റേയും കൂട്ടുകെട്ടില്‍ ഫൈനലില്‍ എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനല്‍ വരെ തോല്‍വിയറിയാതെയാണ് എത്തിയത്.
എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇരുവരുടേയും നേതൃത്വത്തില്‍ ഇന്ത്യ 2024 ടി-20 ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍വിയറിയാതെ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.
Content Highlight: Rahul Dravid Talking About Rohit Sharma