|

ഇന്ത്യയ്ക്ക് ന്യൂയോര്‍ക്കില്‍ വമ്പന്‍ തിരിച്ചടി; വെളിപ്പെടുത്തലുമായി രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ 5ന് അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂയോര്‍ക്കിലെ നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ മത്സരത്തില്‍ ഇന്ത്യക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തലും ആയി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്.

ഐ.സി.സി ടി-20 ലോകകപ്പിനുവേണ്ടി ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെ പിച്ച് ടി-ട്വന്റി ഫോര്‍മാറ്റിന് നല്ലതല്ലെന്നാണ് ദ്രാവിഡ് അഭിപ്രായപ്പെടുന്നത്. പൂര്‍ണമായും ബൗളിങ്ങിന് തുണയാകുന്ന പിച്ചാണ് ന്യൂയോര്‍ക്കിലുള്ളത്. ബാറ്റര്‍മാര്‍ അമ്പെ പരാജയപ്പെടുന്നതാണ് മത്സരത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ 77 റണ്‍സിന് ശ്രീലങ്ക പരാജയം സമ്മതിച്ചത് ഇതിന് ഉദാഹരണമാണ്.

പിച്ചിനേക്കുറിച്ചും ഇന്ത്യയുടെ വെല്ലുവിളികളെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു.

‘ന്യൂയോര്‍ക്കില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ടി-20 ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. സാഹചര്യങ്ങളെ നമ്മള്‍ മാനിക്കണം. ഇവിടെ 140 എന്ന സ്‌കോര്‍ നല്ല ടോട്ടല്‍ ആയിരിക്കും. ഞങ്ങളുടെ ടീമില്‍ പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ ഉണ്ട്,

അവര്‍ക്ക് ഞങ്ങളെ മികച്ച സ്‌കോറിലേക്ക് കൊണ്ടുപോകാന്‍ കഴിയും. മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ നിങ്ങള്‍ക്ക് അവിടെ പോയി സ്‌ട്രോക്ക് കളിക്കാന്‍ കഴിയില്ല. ഇത് എളുപ്പമായിരിക്കില്ല, പക്ഷേ ഞങ്ങള്‍ക്ക് തീര്‍ച്ചയായും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും,’രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

Content Highlight: Rahul Dravid Talking About New York Cricket Pitch