|

ഞങ്ങള്‍ക്ക് ശേഷമുള്ള ക്രിക്കറ്റ് അമ്പരപ്പിക്കുന്നതാണ്; ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ച് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഐതിഹാസിക വിജയം സ്വന്തമാക്കി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും നേതൃത്വത്തില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. 2011ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദ്രാവിഡ് പിന്നീട് ബി.സി.സി.ഐയുടെ പല റോളുകളും ഏറ്റെടുത്തിരുന്നു.

2021ലാണ് ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തുന്നത്. തുടര്‍ന്ന് ടെസ്റ്റ് ഫൈനലിലും 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ എത്തിക്കാന്‍ ദ്രാവിഡിന് കഴിഞ്ഞിരുന്നു. ടീ-20 കിരീടം സ്വന്തമാക്കിയതിന് ശേഷം ദ്രാവിഡ് പരിശീലനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സ്ഥാനത്ത് നിയമിച്ചത് മുന്‍ താരം ഗൗതം ഗംഭീറിനെയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റ വളര്‍ച്ചയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

‘ഞാന്‍ 2011-2012 സമയത്ത് വിരമിച്ചു, ഇപ്പോള്‍ പുതിയ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പാരമ്പര്യം മുന്നോട്ടു കൊണ്ടു പോകുന്നു. ഞങ്ങള്‍ക്ക് ശേഷമുള്ള ക്രിക്കറ്റ് തികച്ചും അമ്പരപ്പിക്കുന്നതാണ്. ഗെയിമിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഞങ്ങള്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി വിജയം നേടിയിട്ടുണ്ട്.

താരങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഒന്നും രണ്ടും റാങ്കിങ്ങിലേക്ക് എത്താന്‍ സാധിക്കുന്നു, മറ്റുള്ളവര്‍ക്ക് ഒപ്പം സ്ഥാനം പിടിക്കാനും കഴിയുന്നു. രോഹിത്തിന്റെയും സൂര്യയുടെയും നേതൃത്വത്തിലുള്ള പുതിയ ജനറേഷനിലെ എല്ലാ ഫോര്‍മാറ്റ് കളിക്കാരും മുന്നോട്ടുവരികയാണ്. ഭാവിയില്‍ അത് തുടരുമെന്നതില്‍ എനിക്ക് സംശയമില്ല,’രാഹുല്‍ പറഞ്ഞു.

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ അസൈമെന്റ് ശ്രീലങ്കന്‍ പര്യടനമായിരുന്നു. പരമ്പരയിലെ മൂന്ന് ടി-20 മത്സരങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മൂന്ന് എകദിന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് വിജയിക്കാനായില്ലായിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരായ പരമ്പരയാണ്.

Content Highlight: Rahul Dravid Talking About Indian Cricket Team