| Saturday, 10th August 2024, 9:26 pm

എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും മോശം പരമ്പര അവരോടായിരുന്നു; വെളിപ്പെടുത്തലുമായി രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2021ലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകമായി രാഹുല്‍ ദ്രാവിഡ് സ്ഥാനമേറ്റത്. ദ്രാവിഡിന്റെ ആദ്യത്തെ അസൈന്‍മെന്റ് സൗത്ത് ആഫ്രിക്കന്‍ പര്യടനമായിരുന്നു. തന്റെ കന്നി പരമ്പരയില്‍ വിജയം പ്രതീക്ഷിച്ചെങ്കിലും സന്ദര്‍ശകര്‍ പരമ്പര 2-1 ന് തോല്‍ക്കുകയായിരുന്നു.

ഇപ്പോള്‍ തന്റെ കോച്ചിങ് കരിയറില്‍ ഏറ്റവും മോശം പരമ്പര സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള തന്റെ ആദ്യ അസൈന്‍മെന്റായിരുന്നു എന്ന് പറയുകയാണ് മുന്‍ താരം.

‘ഏറ്റവും മോശം പോയിന്റ് ഏതാണെന്ന് ചോദിച്ചാല്‍, എന്റെ കരിയറിന്റെ തുടക്കത്തില്‍ സൗത്ത് ടെസ്റ്റ് പരമ്പരയാണെന്ന് ഞാന്‍ പറയും. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഞങ്ങള്‍ വിജയിച്ചു. പിന്നീട് ഞങ്ങള്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരങ്ങളില്‍ തോറ്റു.

നിങ്ങള്‍ക്കറിയാവുന്നതുപോലെ ടീം ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ ഒരു പരമ്പരയും ജയിച്ചിട്ടില്ല. ആ പരമ്പര നേടാനുള്ള വലിയ അവസരമായിരുന്നു അത്. എന്നാല്‍ ഞങ്ങളുടെ ചില മുതിര്‍ന്ന കളിക്കാര്‍ അവിടെ ഉണ്ടായിരുന്നില്ല.

രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റു. എന്നാല്‍ ഞങ്ങള്‍ വളരെ അടുത്തെത്തിയിരുന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഞങ്ങള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചിരുന്നു. നമുക്ക് മാന്യമായ ഒരു സ്‌കോര്‍ ഉണ്ടാക്കി ഗെയിം ജയിക്കാമായിരുന്നു, പക്ഷേ സൗത്ത് ആഫ്രിക്ക നന്നായി കളിച്ചു. നാലാം ഇന്നിങ്സില്‍ അവര്‍ തിരിച്ചടിച്ചു. അതിനാല്‍ ആ പരമ്പരയില്‍ വിജയിക്കാന്‍ കഴിയാത്തത് എന്റെ പരിശീലനത്തിലെ ഏറ്റവും മോശം പോയിന്റായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.

അതേ സമയം ഇന്ത്യയുടെ പുതിയ പരിശിലകന്‍ ഗൗതം ഗഭീറിന്റെ ആദ്യ അസൈമന്റില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ലങ്കയോട് ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുന്നത്. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്ക ഉയര്‍ത്തിയ 248 റണ്‍സ് മറികടക്കാനാകാതെ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

Content Highlight: Rahul Dravid Talking About His Worst streak of coaching career

We use cookies to give you the best possible experience. Learn more