| Thursday, 13th July 2023, 8:19 pm

കോച്ച്‌ അന്നേ പറഞ്ഞിരുന്നു അയാള്‍ ഒരു സ്‌പെഷ്യല്‍ ടാലെന്റാണെന്ന്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ടാലെന്റഡ് ബാറ്റര്‍മാരാണ് രാഹുല്‍ ദ്രാവിഡും വിരാട് കോഹ്‌ലിയും. വിരമിക്കലിന് ശേഷം ഇന്ത്യന്‍
ടീമിന്റെ കോച്ചായി തുടരുന്ന ദ്രാവിഡ് വിരാടുമായി ഇപ്പോഴും മികച്ച സൗഹൃദത്തിലാണ്. കളിക്കാരനെന്ന നിലയില്‍ ദ്രാവിഡിന്റെ അവസാന കാലഘട്ടത്തിലാണ് വിരാട് ക്രിക്കറ്റില്‍ തന്റെ പേര് പതിപ്പിച്ച് തുടങ്ങിയത്.

ഇപ്പോഴിതാ വിരാടിന്റെയും ദ്രാവിഡിന്റെയും ആദ്യ കൂടിക്കാഴ്ചയുടെ ഓര്‍മകള്‍ പുതുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബി.സി.സി.ഐ. വിരാടിന്റെ ടെസ്റ്റ് അരങ്ങേറ്റം 2011ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ചായിരുന്നു. അന്ന് വിരാട് ഒരു യുവതാരം മാത്രമായിരുന്നുവെങ്കിലും അദ്ദേഹം ഒരു സ്‌പെഷ്യല്‍ ടാലെന്റാണെന്ന് താന്‍ മനസിലാക്കിയിരുന്നു എന്ന് ദ്രാവിഡ് പറയുന്നു.

‘ഇന്ത്യന്‍ ടീമുമായുള്ള വിരാടിന്റെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു അതെന്ന് ഞാന്‍ ഓര്‍ക്കുന്നു, ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു കൊച്ചുകുട്ടിയായിരുന്നു അവനന്ന്, ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വിരാടപ്പോള്‍. പക്ഷേ അവന്‍ ഒരു പ്രത്യേക പ്രതിഭയാണെന്ന് കാണാന്‍ നമുക്ക് സാധിക്കുമായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.

തീര്‍ച്ചയായും ദ്രാവിഡിന്റെ പ്രതീക്ഷ്‌ക്കൊത്ത് തന്നെ കോഹ്‌ലി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ അദ്ദേഹം ഇന്ത്യയെ അവിസ്മരണീയമായ നിരവധി വിജയങ്ങളിലേക്ക് നയിച്ചു.

വീഡിയോയില്‍, ദ്രാവിഡിനോട് കോഹ്‌ലി തന്റെ നന്ദി രേഖപ്പെടുത്തുന്നുണ്ട്. 2011 ലെ ആ ടീമില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും 12 വര്‍ഷത്തിന് ശേഷം താന്‍ കളിക്കാരനായും ദ്രാവിഡ് കോച്ചായും വരുമെന്ന് ആരെലും പ്രതീക്ഷിച്ചിരുന്നോ എന്നും വിരാട് ചോദിക്കുന്നു.

കോഹ്ലിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച ദ്രാവിഡ്, അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒരു യാത്ര തുടങ്ങുന്ന ഒരു യുവ പരിശീലകനായിട്ടാണ് ഞാന്‍ തന്നെ കരുതുന്നതെന്നും ദ്രാവിഡ് ഒരു ചിരിയോട് കൂടി പറഞ്ഞു.

അതേസമയം ഇന്ത്യ വിന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനത്തില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 95 റണ്‍സ് നേടിയിട്ടുണ്ട്. യശ്വസ്വി ജെയ്‌സ്വാളും, നായകന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. നേരത്തെ ആദ്യ ദിനം തന്നെ വെറും 150 റണ്‍സ് നേടിയ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യക്കായി അശ്വിന്‍ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകള്‍ നേടിയിരുന്നു.

Content Highlight: Rahul Dravid Shares  memory of meeting Virat Kohli for First time

We use cookies to give you the best possible experience. Learn more