| Thursday, 12th January 2023, 11:33 am

'പലരും എതിരാളികളായി വന്നിട്ടുണ്ട്, എന്നാല്‍ ബൗളിങ്ങില്‍ വിറപ്പിച്ചത് അവനാണ്'; മനസ് തുറന്ന് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാന്‍മാരായ താരങ്ങളിലൊരാളാണ് ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. അമ്പതാം പിറന്നാളിന്റെ നിറവിലാണ് നിലവില്‍ ഇന്ത്യന്‍ പരിശീലകനായ ദ്രാവിഡ്. ശ്രീലങ്കക്കെതിരെ ആദ്യ ഏകദിനം ജയിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ദ്രാവിഡും കൂട്ടരും.

ലോക ക്രിക്കറ്റിലെ ഭൂരിഭാഗം ഇതിഹാസ ബൗളര്‍മാരെയും നേരിടാന്‍ ഭാഗ്യമുണ്ടായ ക്രിക്കറ്റര്‍ കൂടിയാണ് ദ്രാവിഡ്. അലന്‍ ഡൊണാള്‍ഡ്, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഷുഐബ് അക്തര്‍, വസീം അക്രം, വഖാര്‍ യൂനുസ്, ജെയിംസ് ആന്‍ഡേഴ്സന്‍, ഷോണ്‍ പൊള്ളോക്ക് തുടങ്ങി ഇതിഹാസ ബൗളര്‍മാരുടെ വലിയൊരു നിരയെ തന്നെ നേരിടാന്‍ ദ്രാവിഡിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

താന്‍ നേരിട്ടവരില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദ്രാവിഡ്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇടംകൈയന്‍ ഇതിഹാസവുമായ വസീം അക്രമാണ് തനിക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളറെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

അക്രം ബൗള്‍ ചെയ്യുമ്പോള്‍ നമ്മള്‍ വശീകരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് വസീം അക്രമിനെക്കുറിച്ചുള്ള ആത്മകഥയായ സുല്‍ത്താന്‍: എ മെമോയറില്‍ രാഹുല്‍ ദ്രാവിഡ് കുറിച്ചു.

‘കരിയറില്‍ ഞാന്‍ നേരിട്ടതില്‍ വെച്ച് കഴിവുറ്റ ബൗളര്‍മാരില്‍ ഒരാളായിരുന്നു വസീം. കളിക്കളത്തില്‍ ശക്തനായ എതിരാളിയായിരുന്നു വസീം അക്രം. പക്ഷേ കളത്തിനകത്തും പുറത്തും ചിരിച്ചുകൊണ്ടായിരിക്കും അക്രമിനെ കാണുക.

എല്ലായിപ്പോഴും ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം കാണപ്പെട്ടിരുന്നത്. അക്രമനെതിരെ കളിക്കാന്‍ സാധിച്ചത് ഏറെ ആഹ്ലാദം പകരുന്ന കാര്യമാണ്,’ രാഹുല്‍ ദ്രാവിഡ് കുറിച്ചു.

ബൗളര്‍മാരെ സംബന്ധിച്ച് പേടിസ്വപ്നമായി ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ദ്രാവിഡ്. കളിയില്‍ നിന്ന് പുറത്താക്കാന്‍ അത്രയേറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബാറ്ററായിരുന്നു വന്‍മതിലെന്ന് ആരാധകര്‍ വിശേഷിപ്പിച്ച താരം.

എത്ര മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തെയും പഴുതടച്ച തന്റെ പ്രതിരോധം കൊണ്ട് നിര്‍വീര്യമാക്കാന്‍ അസാധാരണ കഴിവ് ദ്രാവിഡിനുണ്ടായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ളവര്‍ കളിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടത്തില്‍ ടീമിലെ അവിഭാജ്യ ഘടകവുമായിരുന്നു അദ്ദേഹം.

Content Highlights: Rahul Dravid shares experience about Akram’s Bowling

We use cookies to give you the best possible experience. Learn more