എനിക്ക് ഒരിക്കലും സച്ചിനും സേവാഗുമാകാന്‍ സാധിക്കില്ലെന്ന് എനിക്ക് തോന്നിയിരുന്നു; രാഹുല്‍ ദ്രാവിഡ്
Cricket
എനിക്ക് ഒരിക്കലും സച്ചിനും സേവാഗുമാകാന്‍ സാധിക്കില്ലെന്ന് എനിക്ക് തോന്നിയിരുന്നു; രാഹുല്‍ ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th July 2022, 1:47 pm

 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് നിലവിലെ ഇന്ത്യന്‍ കോച്ചായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ വന്‍മതില്‍ എന്നായിരുന്നു ദ്രാവിഡ് ഒരുകാലത്ത് അറിയപ്പെട്ടത്.

പതിഞ്ഞ താളത്തില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുന്നതായിരുന്നു ബാറ്റര്‍ എന്ന നിലിയില്‍ ദ്രാവിഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ് എന്നിവരുടെ കാലത്താണ് അദ്ദേഹം ടീമില്‍ കളിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ടീമില്‍ തന്റേതായ സ്ഥാനം നേടിയിരുന്നു. ബൗളര്‍മാര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ അപ്രോച്ച് തികച്ചും വ്യത്യസ്തമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റുതാരങ്ങള്‍ക്ക് അദ്ദേഹം ഒരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലിയില്‍ സച്ചിന്റെയോ സേവാഗിന്റെയോ ലെവലില്‍ കളിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

തനിക്ക് തന്റേതായ രീതിയുണ്ടെന്നും മികച്ച ബൗളര്‍മാര്‍ക്കെതിരെയുള്ള കോമ്പിറ്റീഷന്‍ എന്നും ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സത്യസന്ധമായി, വീരുവിനെ (സേവാഗ്) അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അവന്റെ വ്യക്തിത്വം അവനെ അടിച്ചുകൂട്ടുന്നതിന് ഒരുപാട് സഹായിച്ചു. ആ നിലയില്‍ ഒരിക്കലും എനിക്ക് എത്താന്‍ സാധിക്കില്ല എന്നാല്‍ കാലക്രമേണ എനിക്കെന്റെ രീതിയില്‍ പ്രശ്‌നമായി തോന്നി എന്നാല്‍ ഞാന്‍ അപ്പോഴേക്കും ഒരുപാട് അതില്‍ അഭിനിവേശമുള്ളയളായി എനിക്ക് തോന്നി.

എന്റെ കരിയര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍, സച്ചിനെപ്പോലെയോ സേവാഗിനെപ്പോലെയോ വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് എപ്പോഴും ക്ഷമയോടെ കാത്തിരിക്കേണ്ടി വരും റണ്‍സ് നേടാന്‍. ഞങ്ങളുടെ മത്സരം ഞാന്‍ ശരിക്കും ആസ്വദിക്കാന്‍ തുടങ്ങി. അത് ഞാനും ബൗളറും തമ്മിലുള്ള ഒറ്റയാള്‍ മത്സരമായി മാറ്റാന്‍ ശ്രമിച്ചു. അത് എന്നെ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്നെ സഹായിച്ചതായി ഞാന്‍ കണ്ടെത്തി,’ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുകാലത്ത് ഏറ്റവും മികച്ച ബാറ്ററായിരുന്ന ദ്രാവിഡിന് പക്ഷെ പില്‍കാലത്ത് ഒരുപാട് വിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ടീമില്‍ എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും എന്നും ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ദ്രാവിഡ്. അദ്ദേഹത്തിന്റെ ടെസ്റ്റിലെ റെക്കോഡുകള്‍ എക്കാലവും മികച്ചുനില്‍ക്കുന്നതാണ്.

Content Highlights: Rahul Dravid says he was never going to play like Sachin Tendulkar or Virendhar Sehwag