| Friday, 20th January 2023, 9:01 pm

കർണാടക ടീമിനെ രാഹുൽ ദ്രാവിഡിന്റെ മകൻ നയിക്കും; ആഹ്ലാദത്തിൽ ക്രിക്കറ്റ്‌ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനും മുൻ താരവുമായ ദ്രാവിഡിന്റെ പാതയിലേക്ക് മകനും എത്തുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ വൻ മതിൽ എന്നറിയപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ ഇനി കർണാടക ക്രിക്കറ്റ്‌ ടീമിൽക്യാപ്റ്റൻ റോളിൽ കളിക്കും.
കർണാടക അണ്ടർ-14 ടീമിന്റെ ക്യാപ്റ്റനായാണ് ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ്‌ നിയമിക്കപ്പെട്ടത്.

ഇന്റർസോൺ ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് സോൺ മത്സരങ്ങൾക്കായുള്ള കർണാടക ടീമിനെയാണ് അൻവയ് ദ്രാവിഡ് നയിക്കുക.

പിതാവിനെപ്പോലെ ബാറ്റർ റോളിലാണ് അൻവയ് കളിക്കുന്നത്. കൂടാതെ വിക്കറ്റ് കീപ്പർ കൂടിയാണ് അൻവയ്. സ്ഥിരതയോടെ തുടർച്ചയായി നടത്തിയ പ്രകടനങ്ങളാണ് അൻവയ്ക്ക് കർണാടക അണ്ടർ-14 ടീമിന്റെ നായക സ്ഥാനം ലഭിക്കാൻ കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

താരത്തിന്റെ ഇളയ മകനായ അൻവയെ കൂടാതെ മൂത്ത മകനായ സമിത് ദ്രാവിഡും ക്രിക്കറ്റ് പ്ലെയറാണ്.

2019-2020 സീസണിൽ സമിത് അണ്ടർ-14ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയിരുന്നു.

അതേസമയം ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിൽ ന്യൂസിലാൻഡ്സ് പര്യടനത്തിനിറങ്ങിയ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ ഏകദിന മത്സരത്തിൽ12 റൺസിനാണ് ഇന്ത്യൻ ടീം വിജയിച്ചത്. ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ച്വറി നേടിയ തിളങ്ങിയ മത്സരത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 349 റൺസായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്.

മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് മൈക്കൽ ബ്രാക്ക്വെല്ലിന്റെ 140 റൺസിന്റ പിന്തുണയോടെ വിജയത്തിനായി പൊരുതിയെങ്കിലും മുഹമ്മദ്‌ സിറാജിന്റെ മികച്ച ബോളിങ് മികവിൽ 337 റൺസിന് ഓൾ ഔട്ട്‌ ആവുകയായിരുന്നു.

ടീമിന്റെ നിർണായകമായ രണ്ടാം മത്സരം ജനുവരി 21ന് റായ്പൂർ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്.
മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Content Highlights:Rahul Dravid’s son to lead Karnataka team

We use cookies to give you the best possible experience. Learn more