അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മാധ്യമങ്ങളെ കണ്ട് സംസാരിച്ചു.
‘ രാഹുല്‍ ഭായിയുടെ സംഭാവന വളരെ വലുതാണ്. അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുകയും സ്വാതന്ത്രരാക്കുകയും ചെയ്തിട്ടുണ്ട്. ഓരോര്‍ത്തര്‍ക്കും അദ്ദേഹം നല്‍കുന്ന വ്യക്തികത റോള്‍ വളരെ വലുതാണ്. അദ്ദേഹം കളിക്കാര്‍ക്ക് വേണ്ടിയാണ് എപ്പോഴും നിലകൊള്ളുന്നത്. 2022 ലോകകപ്പിലെ തോല്‍വിയിലും അദ്ദേഹം കളിക്കാരെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അത് അദ്ദേഹം എങ്ങനെയാണെന്ന് വ്യക്തമാക്കുന്നു,’ രോഹിത് മാധ്യമങ്ങളോട് സംസാരിച്ചു.
മത്സരങ്ങളില്‍ സമ്മര്‍ദമുണ്ടാവുമ്പോള്‍ ഡ്രസിങ് റൂമില്‍ ശാന്തരാകുമെന്നും അദ്ദേഹം പറഞ്ഞു. 2023 ലോകകപ്പ് യാത്ര തുടങ്ങിയത് മുതല്‍ രോഹിത്തും സംഘവും പരാജയപ്പെട്ടിട്ടില്ല. ഫൈനല്‍ മത്സരത്തിലും ഇന്ത്യ വിജയിച്ച് കീരീടം സ്വന്തമാക്കിയാല്‍ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്ന ഒരു ലോകകപ്പായി 2023 മാറുമെന്നുറപ്പാണ്.
ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് അസാധ്യ പ്രകടനമാണ് കാഴച്ച വെച്ചത്. ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായക മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയ രോഹിത് എതിരാളികളെ മികച്ച രീതിയിലാണ് ആക്രമിച്ചത്. 167.7 സ്ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ പ്രകടനം. ഇടിവെട്ട് പ്രകടനത്തിനൊടുവില്‍ ടിം സൗത്തിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എടുക്കുകയായിരുന്നു.