| Thursday, 22nd July 2021, 3:56 pm

ഒന്നുകില്‍ ദ്രാവിഡ്, അല്ലെങ്കില്‍ ആരുമില്ല; പരിശീലകസ്ഥാനത്തേക്ക് രവി ശാസ്ത്രിയ്ക്ക് മറ്റാരും എതിരാളികളല്ലെന്ന് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിന്റെ പേര് വന്നാല്‍ മാത്രമെ രവി ശാസ്ത്രിയ്ക്ക് എതിരാളിയുണ്ടാകൂയെന്ന് മുന്‍താരം ആകാശ് ചോപ്ര. എന്നാല്‍ ദ്രാവിഡ് സ്വയം പേര് നല്‍കുമെന്ന് കരുതുന്നില്ലെന്നും ചോപ്ര പറഞ്ഞു.

‘ദ്രാവിഡ് തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, പട്ടികയില്‍ ആരുടെ പേര് ഉള്‍പ്പെടുത്തിയാലും അദ്ദേഹത്തിന് രവി ശാസ്ത്രിയെ മറികടക്കാന്‍ കഴിയില്ല. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ചോപ്ര പറഞ്ഞു.

ദ്രാവിഡ് പേര് നല്‍കിയാല്‍ അതൊരു വലിയ മത്സരമായിരിക്കുമെന്നും ചോപ്ര പറഞ്ഞു.

വരുന്ന ടി-20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്. നിലവില്‍ ശാസ്ത്രിയ്ക്ക് പകരക്കാരനായി ദ്രാവിഡിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

ശ്രീലങ്കയിലെ മിന്നും പ്രകടനവും രാഹുലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ദ്രാവിഡ് പരിശീലകനായി വരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി നല്ല ബന്ധമാണ് രവി ശാസ്ത്രിക്കുള്ളത്.

ഇന്ത്യന്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന് നേരത്തെ തന്നെ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

2015 മുതല്‍ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കുന്നുണ്ട് ദ്രാവിഡ്. ദ്രാവിഡിന് കീഴില്‍ 2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും 10000 ത്തിലേറെ റണ്‍സ് നേടിയ ദ്രാവിഡ് ഇന്ത്യയുടെ വന്‍മതില്‍ എന്നാണറിയപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Dravid Ravi Shastri Akash Chopra

We use cookies to give you the best possible experience. Learn more